യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിനു പിന്നാലെ ഹൈക്കോടതി മുന്‍ ന്യായാധിപന്‍ അധ്യക്ഷനായ സ്വതന്ത്ര കമ്മിഷന്‍ സിറ്റിങ്ങില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐക്കെതിരേ വ്യാപകപരാതി.

ഇന്നലെ കൊച്ചിയില്‍ നടന്ന സിറ്റിങ്ങില്‍ ജസ്റ്റിസ് പി.കെ. ഷംസുദ്ദീനു മുമ്പാകെ എത്തിയ പരാതികളിലധികവും എസ്.എസ്.ഐ. കലാലയങ്ങളില്‍ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചായിരുന്നു. ഇടത് അനുഭാവ സംഘടനകളില്‍പെട്ട അധ്യാപകരടക്കം എസ്.എഫ്.ഐയ്ക്ക് കൂട്ടുനില്‍ക്കുന്നതായും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ കമ്മിഷനില്‍ പരാതിപ്പെട്ടു.

കെ.എസ്.യു, എ.ബി.വി.പി., പി.എസ്.യു. തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ സിറ്റിങ്ങില്‍ പങ്കെടുത്തെങ്കിലും എസ്.എഫ്.ഐ. പ്രതിനിധികളാരും എത്തിയിരുന്നില്ല. എസ്.എസ്.ഐയ്ക്ക് ശക്തിയുള്ള കോളജുകളില്‍ മറ്റ് സംഘടനാ പ്രതിനിധികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

ഹോസ്റ്റലുകളിലടക്കം പുറത്തുനിന്നുള്ള ക്രിമിനല്‍ക്കേസ് പ്രതികളെ ഒളിച്ച് താമസിപ്പിക്കാറുണ്ടെന്നും പരാതിയുയര്‍ന്നു. പരാതിപ്പെട്ടാലും അധ്യാപകരടക്കമുള്ളവര്‍ എസ്.എഫ്.ഐയ്‌ക്കെതിരേ നടപടിയെടുക്കാറില്ലെന്നും കമ്മിഷനില്‍ പരാതിയെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here