ലൈംഗികാരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ്, പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് രഞ്ജന്‍ ഗൊഗോയ്

0

ഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണവുമായി സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരി രംഗത്ത്. പരാതി പരിശോധിക്കാന്‍ സുപ്രീം കോടതി അടിയന്തര സിറ്റിംഗ് ചേരുന്നു.

തീര്‍ത്തും അപ്രതീക്ഷിതമായി, രാവിലെ പത്തരയോടെയാണ് സുപ്രീംകോടതിയില്‍ അടിയന്തര വിഷയം ചര്‍ച്ച ചെയ്യാന്‍ സിറ്റിംഗ് ചേരുന്നുവെന്ന ഒരു നോട്ടീസ് പുറത്തു വിട്ടത്. ചീഫ് ജസ്റ്റിസിന്റെ സ്റ്റാഫംഗങ്ങളില്‍ ഒരാളായിരുന്ന മുപ്പത്തിയഞ്ചുകാരി നല്‍കിയ പരാതി പരിഗണിക്കാനാണ് അത്യപൂര്‍വ നടപടിയുമായി കോടതി സിറ്റിംഗ് ചേര്‍ന്നത്. പരാതിയ്ക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അതീവ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.

സുപ്രീംകോടതിയിലെ ഒരു മുന്‍ ജീവനക്കാരി ചീഫ് ജസ്റ്റിസിനെതിരെ പീഡന പരാതി നല്‍കിയതായി നേരത്തെ ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് കാണിച്ച് 22 ജഡ്ജിമാര്‍ക്ക് ഈ യുവതി പരാതി നല്‍കി. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് സ്റ്റാഫായ ഈ സ്ത്രീയെ ക്രമക്കേടുകളുടെ പേരില്‍ നേരത്തെ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയിരുന്നു. ഒക്ടോബര്‍ 10, 11 തീയതികളില്‍ ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ വച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.

വേനലവധി വെട്ടിച്ചുരുക്കിയാണ് സുപ്രീംകോടതിയില്‍ അടിയന്തരസിറ്റിംഗ് നടത്തിയത്. ചീഫ് ജസ്റ്റിസിന്റെ തന്നെ അദ്ധ്യക്ഷതയിലാണ് ബഞ്ച് സിറ്റിംഗ് നടത്തിയത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, സഞ്ജീവ് ഖന്ന എന്നിവരാണ് ബഞ്ചിലുണ്ടായിരുന്നത്. രാവിലെ പത്തേമുക്കാലോടെ തുടങ്ങിയ സിറ്റിംഗില്‍ നാടകീയമായ പരാമര്‍ശങ്ങളും സംഭവങ്ങളുമാണുണ്ടായത്.

അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയും കോടതിയിലുണ്ടായിരുന്നു. സുപ്രീംകോടതിയിലെ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും കോടതിയിലെത്തി. വാദം തുടങ്ങിയപ്പോള്‍ത്തന്നെ, പരാതിയിലുള്ള ആരോപണങ്ങളെല്ലാം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിഷേധിച്ചു.

തന്നെ സ്വാധീനിക്കാന്‍ കഴിയാത്തതിനാലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അസാധാരണ നടപടിയിലൂടെ പറഞ്ഞു. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും താന്‍ രാജിവയ്ക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here