രക്ഷകരെ കാത്ത് ഇനിയും നിരവധി പേര്‍, ചെങ്ങന്നൂരില്‍ ആശങ്ക തുടരുന്നു

0

എറണാകുളം: നിരവധി പേര്‍ക്ക് അടുത്തെത്തിപ്പെടാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും സാധിചചിട്ടില്ല. ഇതിനിടെ വീണ്ടും കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടെ സംസ്ഥാനത്ത് മഴ കുറയുമെന്നാണ് കണക്കുകൂട്ടുന്നത്.

ശനിയാഴ്ച മാത്രം 58,506 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 39 പേര്‍ മരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണങ്ങള്‍ 350 ലേക്ക് അടുത്തു. ആറു ലക്ഷത്തോളം പേര്‍ വിവിധ സ്ഥലങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകളിലാണ്.  ചെങ്ങന്നൂരില്‍ ദുരിതം തുടരുന്നു. വിവിധ സ്ഥലങ്ങളില്‍ 31 പേര്‍ ഇന്ന് മരണത്തിനു കീഴടങ്ങി. കക്കി ഡാം വീണ്ടും തുറന്നു. ഉള്‍നാടുകളില്‍ പലയിടത്തും അഞ്ചാദിവസത്തിലും എത്തിപ്പെടാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ എത്രമാത്രം പേരെ രക്ഷിക്കാനുണ്ടെന്ന കണക്കും വ്യക്തമല്ല.

പല സ്ഥലങ്ങളിലും മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തി. പറവൂരില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന പള്ളിയുടെ മതില്‍ തകര്‍ന്ന് ആറു പേര്‍ മരിച്ചു. വ്യാഴാഴ്ച രാത്രി നോര്‍ത്ത് കുത്തിയത്തോടുള്ള പള്ളിയിലാണ് അപകടമുണ്ടായത്. പള്ളിയിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു.

കുത്തിയൊലിച്ചെത്തിയ വെള്ളത്തിലാണ് മതില്‍ ഇടിഞ്ഞത്. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാകുന്നില്ലെന്നും ദിരുതാശ്വാസ ക്യാമ്പുകളില്‍ അവശ്യ മരുന്നുകള്‍ ഇല്ലെന്നും പറവൂര്‍ എം.എല്‍.എ. വി.ഡി. സതീശന്‍ ആരോപിച്ചു. ക്യാമ്പില്‍ ഉണ്ടായിരുന്ന ഒരു കുട്ടി അടക്കമുള്ളവര്‍ മരണപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടമലയാര്‍, ഭൂതത്താന്‍കെട്ട് അണക്കെടുകളില്‍ നിന്നുള്ള നീരൊഴുക്കു കുറഞ്ഞതോടെ പൊരിയാറിലെ ജലവിതാനം താഴ്ന്നു തുടങ്ങി. കാലാവസ്ഥാ മെച്ചപ്പെട്ടതോടെ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ വേഗത്തിലാക്കി.


അതേസമയം, ചെങ്ങന്നൂരില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്. കൃത്യമായ ഏകോപനമില്ലാതെയാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതെന്ന പരാതി വിവിധ മേഖലകളില്‍ നിന്ന് ഉയരുന്നു. പത്തനംതിട്ടയിലെ നാലു താലൂക്കുകള്‍ നാലാം ദിവസവും വെള്ളപ്പൊക്കത്തിലാണ്. അപ്പര്‍കുട്ടനാട് പൂര്‍ണമായും മുങ്ങിക്കിടക്കുന്നു. പത്തനംതിട്ട നഗരത്തിലും വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും പല പ്രമുഖ കെട്ടിടങ്ങളും വെള്ളത്തിലാണ്. കുട്ടനാട്ടില്‍ കൂട്ടത്തോടെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here