നാഗ്പൂര്‍: മദ്യ നിരോധനത്തിനിടെ മഹാരാഷ്ട്രയിൽ സാനിറ്റൈസര്‍ കുടിച്ച ഏഴ് പേര്‍ മരിച്ചു. യാവാത്മല്‍ ജില്ലയിലെ വാനിയിലാണ് സംഭവം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രദേശത്ത് മദ്യവില്‍പന നിരോധിച്ചിരുന്നു. ഇതോടെയാണ് ഒരു സംഘം യുവാക്കള്‍ മദ്യത്തിനു പകരം സാനിറ്റൈസര്‍ പരീക്ഷിച്ചത്. 30 മില്ലി ലിറ്റര്‍ സാനിറ്റൈസര്‍ 250 മില്ലി ലിറ്റര്‍ മദ്യത്തിന്റെ ലഹരി നല്‍കുമെന്ന് യുവാക്കളെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇവർ മദ്യത്തിനു പകരം സാനിറ്റൈസർ കഴിച്ചത്.

വെള്ളിയാഴ്ചയായിരുന്നു പാർട്ടി. ഇതിനായി അഞ്ച് ലിറ്റര്‍ സാനിറ്റൈസറാണ് യുവാക്കള്‍ വാങ്ങിയത്. സാനിറ്റൈസര്‍ കുടിച്ചതിന് പിന്നാലെ ഓരോരുത്തര്‍ക്കായി ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. ഛര്‍ദിക്കുകയും തളര്‍ന്നുവീഴുകയും ചെയ്തു. തുടര്‍ന്ന് യുവാക്കളെ വാനി സര്‍ക്കാര്‍ റൂറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

സംഭവത്തില്‍ മൂന്ന് പേരുടെ പോസ്റ്റുമോര്‍ട്ടം നടത്തിയതായി വാനി പോലീസ് അറിയിച്ചു. അതേസമയം, ബാക്കി നാലുപേരുടെ മൃതദേഹങ്ങള്‍ അധികൃതരെ അറിയിക്കാതെ ബന്ധുക്കള്‍ സംസ്‌കരിച്ചെന്നും പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here