തിരുവനന്തപുരം: സംസ്ഥാന വിത്തുവികസന അതോറിറ്റിയില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തി. ദമ്പതിമാരായ അഡീഷണല്‍ ഡയറക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. കൃഷിവകുപ്പ് സ്പെഷ്യല്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ 2007-2016 കാലഘട്ടത്തിലെ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് അഡീഷണല്‍ ഡയറക്ടര്‍മാരായ അശോക്കുമാര്‍ തെക്കന്‍, പി കെ ബീന എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഫയല്‍ കൃഷി വകുപ്പ് മുഖ്യമന്ത്രിക്കു കൈമാറി.

അതോറിറ്റിയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിനു പരാതി ലഭിച്ചിരുന്നു. പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാറാണ് സസ്പെന്‍ഷന്‍ ഉത്തരവിറക്കിയത്. വിത്തുവികസന അതോറിറ്റിയുടെ മികച്ച ബീജാങ്കുരണശേഷിയുള്ള വിത്തുകള്‍ ഉപയോഗിക്കാതെ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്വകാര്യ ഏജന്‍സികളില്‍നിന്ന് വിത്തുവാങ്ങി കര്‍ഷകര്‍ക്കു നല്‍കുകയാണ് ദമ്പതിമാര്‍കൂടിയായ അശോക്കുമാറും ബീനയും ചെയ്തതെന്നാണ് കണ്ടെത്തല്‍. ഇത്തരം വിത്തുകള്‍ കര്‍ഷകര്‍ക്കും സ്കൂളുകള്‍ വഴി കുട്ടികള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും നല്‍കുക വഴി കോടിക്കണക്കിനു രൂപയുടെ ഉല്‍പ്പാദന നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതോറിറ്റി ഉല്‍പ്പാദിപ്പിച്ച വിത്തുകളുടെ ബീജാങ്കുരണശേഷി ഉപയോഗിക്കാതിരുന്നതിനാല്‍ സര്‍ക്കാരിന് 13.65 കോടി രൂപയുടെ നഷ്ടമുണ്ടായി.

ക്രമക്കേടില്‍ ഇവര്‍ക്കൊപ്പം പങ്കാളികളായ വിത്തുവികസന അതോറിറ്റി അസിസ്റ്റന്റ് ഡയറക്ടര്‍മാരായിരുന്ന എം ഡി തിലകന്‍, ടി ഉഷ, ഹണി മാത്യൂസ്, കെ ജെ ഒനീല്‍, കൃഷി ഓഫീസര്‍മാരായ ഷാജന്‍ മാത്യു, എം എസ് സിനീഷ്, വി വി രാജീവന്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കും. സ്വകാര്യ ഏജന്‍സിയില്‍നിന്ന് വിത്തുവാങ്ങാന്‍ ഒത്താശ നല്‍കിയ എറണാകുളം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ലിന്‍സി സേവ്യര്‍, ജോയിന്റ് ഡയറക്ടര്‍ എസ് പുഷ്പകുമാരി എന്നിവര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശയുണ്ട്. സര്‍വീസില്‍നിന്ന് വിരമിച്ച വി വി പുഷ്പാംഗദന്‍, എ ഐ രാമകൃഷ്ണന്‍, സണ്ണിക്കുട്ടി എം കുര്യന്‍, പി എ എല്‍സി, രഞ്ജന ദാമോദരന്‍, ജെസ്യാമ്മ ജോസഫ്, അബ്ദുല്‍ ലത്തീഫ്, ടി വി പോള്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here