ഹജ്ജ് ക്വാട്ട 2 ലക്ഷമാക്കി ഉയര്‍ത്തി സൗദി; മോദിക്ക് കൈയടി

0

നരേന്ദ്രമോഡി സര്‍ക്കാര്‍ രണ്ടാംവട്ടവും അധികാരത്തിലെത്തിയാല്‍ ന്യൂനപക്ഷസമുദായങ്ങള്‍ക്ക് ഭീഷണിയാകുമെന്ന പ്രചരണത്തെ നിഷ്പ്രഭമാക്കിയാണ് വമ്പന്‍ഭൂരിപക്ഷത്തോടെ എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. മുത്തലാക്ക് നിരോധന ബില്‍  മുന്‍നിര്‍ത്തി പ്രതിപക്ഷം ആഞ്ഞുപിടിച്ചിട്ടും വിജയം നരേന്ദ്രമോഡിക്കൊപ്പം നിന്നു. ന്യൂനപക്ഷ ആശങ്കകള്‍ അകറ്റുകയെന്ന ലക്ഷ്യത്തോടെയാണ് മോഡിസര്‍ക്കാര്‍ ഇത്തവണ മുന്നോട്ടുപോകുന്നതും.

ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ഇന്ത്യയുടെ ഹജ്ജ്ക്വാട്ട 2 ലക്ഷമാക്കി ഉയര്‍ത്തി നരേന്ദ്രമോഡി കൈയടിനേടി. വിവിധ മുസ്ലിം സംഘടനകള്‍ ഇക്കാര്യത്തില്‍ സന്തോഷം പ്രകടിപ്പിച്ചെങ്കിലും പരസ്യമായി അധികം പ്രസംശകളൊന്നും പ്രതിപക്ഷനിരയില്‍ നിന്ന് എത്തിയതുമില്ല. 

കേരളത്തിലാകട്ടെ രണ്ടായിരത്തോളം പേര്‍ക്കുകൂടി ഹജ്ജിന് പോകാനുള്ള അവസരമാണ് മോഡി-സല്‍മാന്‍ കൂടിക്കാഴ്ചയിലൂടെ ലഭിക്കുന്നത്. എന്നിട്ടും ഭരണ-പ്രതിപക്ഷത്തുള്ള നേതാക്കളാരും ഇക്കാര്യത്തില്‍ മൗനംതുടരുകയാണ്. മുസ്‌ളിംലീഗ് നേതാക്കള്‍പോലും ഇക്കാര്യത്തില്‍ സന്തോഷം പ്രകടിപ്പിച്ചതുമില്ല. 

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ‘മോഡിപ്പേടി’ അകലുന്ന കാഴ്ച ആശങ്കയോടെയാണ് കേരളത്തിലെ ഇടത്-വലത് പാര്‍ട്ടികള്‍ കാണുന്നത്. മുസ്‌ളിം സമുദായത്തിലെ സ്ത്രീകള്‍ക്കിടയില്‍ മുത്തലാക്ക് നിരോധന നീക്കം മോഡിക്ക് നല്ല തിളക്കം നല്‍കിയിട്ടുണ്ടെന്നതും വസ്തുതയാണ്. 

പഠനാവസരം മുടങ്ങിപ്പോയ മുസ്‌ളിം സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും പഠനാവസരം നല്‍കാനും നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതും. മദ്രസകള്‍ക്കുള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ഇതിനുപിന്നാലെയാണ് ഹജ്ജ് ക്വാട്ട 1.7 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമാക്കി ഉയര്‍ത്താന്‍ മോഡിക്ക് കഴിഞ്ഞത്. 1.4 ലക്ഷത്തോളംപേരാണ് ഹജ്ജ് കമ്മിറ്റിയുടെ സഹായത്തോടെ വിമാനംകയറുന്നത്. ബാക്കിയുള്ളവര്‍ മറ്റ് സംഘടനകളുടെ സഹായത്തോടെയാണ് തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നത്.

കേരളത്തില്‍നിന്നുള്ള അപേക്ഷകര്‍ കൂടുതലായതിനാല്‍ നിരവധിപേര്‍ക്ക് തീര്‍ത്ഥാടനത്തിന് അവസരം ലഭിക്കാതെപോകും. അപേക്ഷകര്‍ കുറഞ്ഞ സംസ്ഥാനങ്ങളുടെ ക്വാട്ട കേരളത്തിലേക്ക് മാറ്റിനല്‍കാറുമുണ്ട്. എന്നാല്‍ ഇത്തവണ രണ്ടായിരത്തോളംപേര്‍ക്കുകൂടി അവസരമൊരുക്കിയിരിക്കയാണ് കേന്ദ്രസര്‍ക്കാര്‍. ഇത്തവണ പുരുഷന്മാരുടെ അകമ്പടിയില്ലാതെ രണ്ടായിരത്തിലധികം സ്ത്രീകള്‍ക്ക് കൂടിയാണ് കേന്ദ്രം അവസരമൊരുക്കുന്നത്. ജൂലായ് 7-ന് ആദ്യ ഹജ്ജ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here