‘കാമധേനു പരീക്ഷ’ അന്ധവിശ്വാസം പ്രപചരിപ്പിക്കാൻ; യുജിസി നിർദേശം പിൻവലിക്കണം’: ശാസ്ത്രസാഹിത്യ പരിഷത്ത്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി)  നിർദ്ദേശിച്ചിരിക്കുന്ന കാമധേനു പരീക്ഷ അന്ധവിശ്വാസം പ്രപചരിപ്പിക്കാനാണെന്ന വിമർശനവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്. ഇതു സംബന്ധിച്ച നിർദ്ദേശം പിൻവലിക്കാൻ യു.ജി.സി തയാറാകണമെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. ഫെബ്രുവരി 15 നാണ് യു.ജി.സി  വൈസ് ചാൻസലർമാർക്ക് അയച്ചിരിക്കുന്ന കത്തിൽ, ‘കാമധേനു ഗോ വിജ്ഞാൻ പ്രചാർ പ്രസാർ എക്സാമിനേഷൻ’ എന്ന പേരിലുള്ള ഒരു പരീക്ഷ എഴുതാൻ വിദ്യാത്ഥികളെ പ്രേരിപ്പിക്കണമെന്നും ഇത് കോളേജുകളുടെ ശ്രദ്ധയിൽ കൊണ്ടു വരണമെന്നും നിർദേശിച്ചിരിക്കുന്നതെന്നും പരിഷത്ത് പ്രസ്താവനയിൽ ആരോപിച്ചു.

ഒരു സർക്കാർ ഏജൻസിയായ രാഷ്ട്രീയ കാമധേനു ആയോഗ് ആണ് ഫെബ്രുവരി 25 ന് ഓൺലൈൻ പരീക്ഷ നടത്തുന്നത്. അതിനുവേണ്ടി മലയാളം ഉൾപ്പടെ വിവിധ ഭാഷകളിൽ പഠന സാമഗ്രികളും തയ്യാറാക്കിയിട്ടുണ്ട്. യാതൊരു തെളിവോ യുക്തിയോ ശാസ്ത്രീയ പിൻബലമോ ഇല്ലാത്ത നിരവധി അസംബന്ധങ്ങളുടേയും മണ്ടത്തരങ്ങളുടേയും നീണ്ടനിര തന്നെ ഈ പുസ്തകങ്ങളിലുണ്ട്. നാടൻ പശുക്കളുടെ (അവയുടെ മാത്രം) സൂര്യനാഡി സുര്യപ്രകാശം ആഗിരണം ചെയ്ത് വൈറ്റമിൻ- ഡി നിർമിക്കുന്നു, പശുക്കളുടെ കണ്ണുകൾ ബുദ്ധിയുടെ കേന്ദ്രങ്ങളാണ്, അവയുടെ അകിടിൽ നിന്നു ചുരത്തുന്നത് അമൃതാണ്, അവയുടെ വാൽ ഉയർന്ന അദ്ധ്യാത്മിക മണ്ഡലങ്ങളിലേക്കു പോകുവാനുള്ള ചവിട്ടു പടിയാണ്, നാടൻ പശുക്കളുടെ പാൽ മനുഷ്യരെ അണു പ്രസരത്തിൽനിന്ന് സംരക്ഷിക്കുന്നു, നാടൻ പശുക്കളുടെ (അവയുടെ മാത്രം) ഇളം മഞ്ഞ പാലിൽ സ്വർണം കാണപ്പെടുന്നു, ഗോമാതാവിൽ നിന്നു ലഭിക്കുന്ന പാലും തൈരും മൂത്രവും ചാണകവും നെയ്യും തുല്യ അളവിൽ ചേർത്തു തയ്യാറാക്കുന്ന പഞ്ചഗവ്യം ഒരു സിദ്ധ ഔഷധമാണ്, ഭൂമികുലുക്കങ്ങളും ഗോവധ സമയത്തുണ്ടാകുന്ന നെഗറ്റീവ് ഊർജ തരംഗങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് തുടങ്ങിയവ പുസ്തകങ്ങളിലുള്ള അസംബന്ധ പ്രസ്താവനകൾക്ക് ഉദാഹരണങ്ങളാണ്.

മതേതരവും ശാസ്ത്രാധിഷ്ഠിതവുമായി നിലനിൽക്കേണ്ട രാജ്യത്തെ വിദ്യാഭ്യാസ പ്രക്രിയയെ കാവിവൽക്കരിക്കുന്നതിനുള്ള ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ നടപടി. ഇന്ത്യയിലെ സർവകലാശാലകളെയും വിദ്യാഭ്യാസത്തെയും ലോകത്തിനുമുന്നിൽ നാണം കെടുത്താനേ ഇത് ഇടയാക്കൂ.

ഭരണഘടയുടെ അന്തസ്സത്തയ്ക്ക് എതിരായ ഈ കത്ത് ഉടനടി പിൻവലിക്കണമെന്നും പരീക്ഷ തന്നെ റദ്ദാണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. ഇത്തരം അന്ധവിശ്വാസ പ്രചാരണങ്ങളെ വിദ്യാർഥികളും അധ്യാപകരും പൊതുസമൂഹവും തള്ളിക്കളയണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here