നെയ്യാറില്‍ കടുവ കൂടിന് പുറത്ത് ചാടിയ സംഭവത്തില്‍ അട്ടിമറിയില്ലെന്ന് വനം വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. കൂടിന്‍റെ ബലക്ഷയമാണ് കടുവ പുറത്ത് ചാടാന്‍ കാരണമായത്. വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ണാടക മോഡല്‍ റെസ്ക്യൂ സെന്‍ററടക്കം തുടങ്ങാനുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചു.

നെയ്യാര്‍ സഫാരി പാര്‍ക്കില്‍ എത്തിച്ച കടുവ കൂടിന് പുറത്ത് ചാടുകയും പിന്നീട് പിടികൂടുകയും ചെയ്ത സംഭവത്തിലാണ് വനംവകുപ്പ് അന്വേഷണം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.അട്ടിമറിയോ, ജീവനക്കാര്‍ക്ക് വീഴ്ചയോ ഉണ്ടായിട്ടില്ലെന്നാണ് കണ്ടെത്തല്‍. കൂടിന്‍റെ കമ്പികള്‍ തുരുമ്പിച്ചതും ബലക്ഷയവുമാണ് കടുവ പുറത്ത് ചാടാന്‍ കാരണം. വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ചില ശുപാര്‍ശകളും സര്‍ക്കാരിന് കൈമാറി.

മൃഗങ്ങളെ എത്തിയ്ക്കുമ്പോള്‍ സൂക്ഷിയ്ക്കുന്ന ഹോള്‍ഡിംഗ് കേജുകള്‍ ഉള്‍പ്പെടെ നെയ്യാറില്‍ ആകെയുള്ള 7 കൂടുകളും ശക്തിപ്പെടുത്തണം. അടിയന്തരമായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. പാർക്കിൽ പരിശോധനയ്ക്കുള്ള പാത സജ്ജീകരിക്കണം. മൃഗങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ കർണാടക മോഡൽ റെസ്ക്യൂ സെൻറര്‍ തയ്യാറാക്കണം. വെറ്റിനറി ‍ ഡോക്ടര്‍മാരുടെ ഡെപ്യൂട്ടേഷന്‍ കാലാവധി ഒന്നില്‍ നിന്ന് മൂന്ന് വര്‍ഷമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശുപാർശകൾ സർക്കാർ അംഗീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here