കുട്ടി ട്രൗസറിട്ട് നാഗ്പൂരില്‍ നടത്തുന്ന പ്രസംഗങ്ങളല്ല ദേശീയത; തുറന്നടിച്ച് സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: ദേശീയതയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ആര്‍എസ്എസിനെ രൂക്ഷമായി കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. കുട്ടി ട്രൗസറിട്ട് നാഗ്പൂരില്‍ നിന്ന് ഫോണ്‍ വഴി നടത്തുന്ന പ്രസംഗങ്ങള്‍ അല്ല ദേശീയത എന്ന് അദ്ദേഹം തുറന്നടിച്ചു. ആര്‍എസ്എസിനെ പേരെടുത്തു പറയാതെ ആയിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനം.

”കര്‍ഷകരുടെ ക്ഷേമത്തെ കുറിച്ച് സംസാരിക്കുന്നതാണ് യഥാര്‍ത്ഥ ദേശീയത. അര ട്രൗസറിട്ട് നാഗ്പൂരില്‍ നിന്ന് ഫോണ്‍ വഴി നടത്തുന്ന പ്രസംഗങ്ങള്‍ അല്ല”- കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി ജയ്പൂരില്‍ സംഘടിപ്പിച്ച യോഗത്തില്‍ പൈലറ്റ് പറഞ്ഞു. പുതിയ കാര്‍ഷിക നിയമം വഴി കര്‍ഷകരെ ഇരുട്ടിലേക്ക് തള്ളിവിടുന്ന നിലപാടാണ് ബിജെപി സര്‍ക്കാറിന്റേത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇപ്പോള്‍ നിങ്ങള്‍ ലവ് ജിഹാദിനെ കുറിച്ചാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. വിവാഹങ്ങളില്‍ നിയമങ്ങള്‍ ഉണ്ടാക്കുന്നു. കര്‍ഷകരെ ഇരുട്ടിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. രാജ്യത്തെ കര്‍ഷക നേതാക്കളെല്ലാം കോണ്‍ഗ്രസില്‍ നിന്നും മറ്റു ചില പാര്‍ട്ടികൡ നിന്നുമായിരുന്നു. അതിന് ചരിത്രം സാക്ഷിയാണ്. ബിജെപിയില്‍ ഒരു കര്‍ഷക നേതാവു പോലുമില്ല. അവരില്‍ നിന്ന് ഉണ്ടാകുകയുമില്ല’

സച്ചിന്‍ പൈലറ്റ്‌

മൂന്നു കര്‍ഷക നിയമങ്ങളും പിന്‍വലിക്കണമെന്ന് പൈലറ്റ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ദുരഭിമാനം കാണിക്കേണ്ടതില്ല. നിയമങ്ങളില്‍ മിനിമം താങ്ങുവില കൂടി ചേര്‍ത്തു എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. നിയമങ്ങളില്‍ ഭേദഗതി വരുത്താതെ അത് സമ്പൂര്‍ണമായി പിന്‍വലിക്കുകയാണ് വേണ്ടത്. അതില്‍ നാണക്കേട് വിചാരിക്കേണ്ടതില്ല- അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here