കൊച്ചിയിൽ സച്ചിൻ ടെണ്ടുൽക്കറുടെ ചിത്രത്തിൽ കരി ഓയിൽ ഒഴിച്ച യൂത്ത് കോൺഗ്രസിന്റെ നടപടിയിൽ പ്രതിഷേധവുമായി ക്രിക്കറ്റ് താരം ശ്രീശാന്ത്. കോൺഗ്രസ് ‘തെമ്മാടി’കളുടേത് അപമാനകരമായ നടപടിയാണ്. ഭാരത രത്ന ജേതാവും ക്രിക്കറ്റ് ദൈവവുമായ സച്ചിനുമേൽ മഷി ഒഴിക്കുന്നതിലൂടെ 130 കോടി ജനങ്ങളുടെ വികാരം യൂത്ത് കോൺഗ്രസ് വ്രണപ്പെടുത്തി – ട്വിറ്ററിലൂടെയായിരുന്നു ശ്രീശാന്തിന്റെ പ്രതിഷേധം.
സച്ചിൻ പാജി ഒരു വികാരമാണെന്നും തന്നെ പോലുള്ള പലരും ഇന്ത്യക്കായി കളിക്കുന്നത് സ്വപ്നം കാണാൻ കാരണം സച്ചിനാണെന്നും ശ്രീശാന്ത് പറഞ്ഞു. സച്ചിനോടുള്ള സ്നേഹവും കടപ്പാടും പ്രകടപ്പിക്കാൻ വാക്കുകളില്ല. ഇന്ത്യയിൽ ജനിച്ചതിൽ അഭിമാനിക്കുന്നു. സച്ചിൻ താങ്കൾ എപ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കുമെന്നും ശ്രീശാന്ത് ട്വീറ്റിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കൊച്ചിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സച്ചിന്റെ ചിത്രത്തിൽ കരി ഓയിൽ ഒഴിച്ചത്. കർഷക സമരവുമായി ബന്ധപ്പെട്ട സച്ചിന്റെ ട്വീറ്റിനെതിരെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം.