വനിതാ മതിലില്‍ കല്ലുകടി, കമ്മിറ്റിയില്‍ നിന്നു ഒഴിവാക്കണമെന്ന് കേരള ബ്രാഹ്മണ സഭ

0
10

തിരുവനന്തപുരം: വനിതാ മതിലിനായി സര്‍ക്കാര്‍ രൂപീകരിച്ച കമ്മിറ്റിയില്‍നിന്ന് സംഘടനകളുടെ കൊഴിഞ്ഞുപോക്ക്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നവോത്ഥാന സംരക്ഷണത്തിനു അനുകൂലമായി സര്‍ക്കാര്‍ നടത്താനിരിക്കുന്ന വനിത മതില്‍ പരിപാടിയില്‍ നിന്ന് കേരള ബ്രാഹ്മണസഭ പിന്മാറി. വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍നിന്ന് 52 സംഘടനകള്‍ പിന്മാറുമെന്ന് വിഷ്ണുപുരം ചന്ദ്രശേഖരനും വ്യക്തമാക്കി. വനിതാ മതില്‍ യുവതീ പ്രവേശനത്തിനാണെങ്കില്‍ പിന്‍മാറുമെന്ന് ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി.പി. സുഗതനും വ്യക്തമാക്കി.

യുവതി പ്രവേശനത്തിലടക്കം, ശബരിമലയില്‍ നിലനില്‍ക്കുന്ന ആചാര അനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തണമെന്ന് അഭിപ്രായമാണ് തങ്ങള്‍ക്കുള്ളതെന്ന് ബ്രാഹ്മണസഭ അറിയിച്ചു. വനിത മതിലിന്റെ ഭാഗമായി ഉണ്ടാക്കിയിരിക്കുന്ന പരിപാടി കമ്മിറ്റിയില്‍ നിന്ന് ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമനെ ഒഴിവാക്കണമെന്നും സഭ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ യോഗത്തില്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന്‍ പങ്കെടുത്തിരുന്നു. നൂറ്റാണ്ടുകളായി അനുഷ്ഠിച്ച് വരുന്ന ആചാര അനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കുന്ന ഒരു നടപടിക്കും കൂട്ട് നില്‍ക്കില്ലെന്ന് യോഗത്തില്‍ വ്യക്തമാക്കിയതായും ബ്രാഹ്മണസഭ പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here