പത്തനംതിട്ട: ശബരിമല ശ്രീ അയ്യപ്പന് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പമ്ബയില്‍ എത്തിച്ചേരും. ചൊവ്വാഴ്ച ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട തങ്കഅങ്കി രഥ ഘോഷയാത്ര ഉച്ചക്ക് പമ്ബയില്‍ എത്തിച്ചേരും. മൂന്ന് മണിവരെ ഭക്തര്‍ക്ക് പമ്ബയില്‍ തങ്കഅങ്കി ദര്‍ശനത്തിന് അവസരമുണ്ട്.

മുന്ന് മണിയോടെ തങ്കഅങ്കി പ്രത്യേക പേടകത്തിലാക്കി സന്നിധാനത്തേക്ക് കൊണ്ട് വരും. ശരംകുത്തിയില്‍ വച്ച്‌ തങ്ക അങ്കിക്ക് ദേവസ്വം ബോര്‍ഡ് അധികൃര്‍ ആചാരപരമായ വരവേല്‍പ് നല്‍കും. ആറര മണിക്ക് തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. തങ്ക അങ്കി ഘോഷയാത്ര കണക്കിലെടുത്ത് തീര്‍ത്ഥാടകര്‍ക്ക് ഇന്ന് ഉച്ചക്ക് ശേഷം മലകയറുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ട്. ഒരുമണിക്ക് ശേഷം തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടില്ല.

നാളെയാണ് മണ്ഡല പൂജ. ഉച്ചക്ക് പതിനൊന്ന് നാല്‍പ്പതിനും പന്ത്രണ്ട് ഇരുപതിനും ഇടക്ക് ഉച്ചപൂജയോട് അനുബന്ധിച്ച്‌ നടക്കുന്ന പ്രത്യേക പൂജയാണ് മണ്ഡല പൂജ. തുടര്‍ന്ന് രാത്രി ഒന്‍പത് മണിക്ക് ഹരിവരാസനം ചൊല്ലി നട അടക്കും. മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ഡിസംബര്‍ മുപ്പതിന് നടതുറക്കും. തീര്‍ത്ഥാടകര്‍ക്ക് ആര്‍ റ്റി പി സി ആര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here