സന്നിധാനത്ത് മിന്നല്‍ പ്രതിഷേധം, പിന്നാലെ കൂട്ട അറസ്റ്റ്

0

ശബരിമല/പമ്പ: ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളെച്ചൊല്ലി സന്നിധാനത്ത് ഞായറാഴ്ച രാത്രിയില്‍ മിന്നല്‍ പ്രതിഷേധം. പിന്നാലെ കൂട്ട അറസ്റ്റ്.

വലിയ നടപ്പന്തലിനു സമീപം നിരോധനാഞ്ജ ലംഘിച്ച് ശരണം വിളികളുമായി പ്രതിഷേധിച്ചവരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്. പോലീസ് നടപടിക്കിടെ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നട അടയ്ക്കുന്നതിനു മിനിട്ടുകള്‍ മാത്രം അവശേഷിക്കേ, അടിസ്ഥാന സൗകര്യങ്ങളുടെ പേരിലും പോലീസിനെതിരായ പ്രതിഷേധത്തിന്റെ പേരിലും ഒരു ചെറിയ സംഘം മാളികപ്പുറം ക്ഷേത്രത്തിനു സമീപം രൂപപ്പെടുകയായിരുന്നു. നിമിഷ നേരത്തിനുള്ളില്‍ ഇതു ഇരുന്നൂറോളം പേരുള്ള വലിയ സംഘമായി മാറുകയും വലിയ നടപ്പന്തലില്‍ നിരോധനാഞ്ജ ലംഘിച്ച് കുത്തിയിരിക്കുകയും ചെയ്തു. സ്‌പെഷ്യല്‍ ഓഫീസര്‍ പ്രതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും ഹരിവസരാസനം പാടി നടയടച്ചശേഷം പിരിഞ്ഞുപോകാമെന്നാണ് പ്രതിഷേധക്കാര്‍ അറിയിച്ചത്.

നട അടച്ചശേഷം സമരത്തിനു നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചത് മറ്റുള്ളവര്‍ തടഞ്ഞു. പതിനൊന്നരയോടെ പ്രതിഷേധത്തിനു നേതൃത്വം നല്‍കിയവരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യാന്‍ സ്‌പെഷല്‍ ഓഫീസര്‍ തീരുമാനിക്കുകയായിരുന്നു. ഇവരെ പമ്പ സ്‌റ്റേഷനിലേക്കും തുടര്‍ന്ന് മണിയാറിലെ പോലീസ് ക്യാമ്പിലേക്കും മാറ്റി.

ക്ലിഫ് ഹൗസിനു മുന്നിലടക്കം ശക്തമായ പ്രതിഷേധം അരങ്ങേറുന്നതാണ് പിന്നീട് കണ്ടത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലും പ്രതിഷേധം തുടരുകയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here