ശബരിമലയില്‍ നിരോധനാജ്ഞ, ശക്തമായ പോലീസ് വിന്യാസം

0

പത്തനംതിട്ട: ശബരിമലയില്‍ ഇന്നു രാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആറാം തീയതി രാത്രിവരെയാണ് നിരോധനാജ്ഞ തുടരും. നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ ബാധകമാകുന്നത്. ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കുന്നത് ഈ മാസം അഞ്ചിനാണ്.

യുവതികളെ പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കുമെന്നു സര്‍ക്കാരും പ്രതിരോധിക്കുമെന്നു സമരക്കാരും നിലപാടെടുത്തതോടെ സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ടാണു പോലീസിന്റെ നടപടി. അഞ്ചിനു വൈകുന്നേരം അഞ്ചിനാണ് ചിത്തിര ആട്ടവിശേഷത്തിനു നട തുറക്കുന്നത്. ശനിയാഴ്ച രാവിലെ തന്നെ പോലീസ് വിന്യാസം പൂര്‍ത്തിയാക്കുമെന്നാണു സൂചന. ആറിനു രാത്രി പത്തിനാണ് നട അടയ്ക്കുന്നത്. നട തുറന്നിരിക്കുന്ന 29 മണിക്കൂര്‍ പോലീസിനു നിര്‍ണായകമാകും.

തുലാമാസ പൂജയ്ക്കു നട തുറന്നപ്പോഴുണ്ടായ സംഘര്‍ഷങ്ങള്‍ മുന്‍നിര്‍ത്തി വേണ്ടത്ര മുന്‍കരുതലെടുക്കാനാണ് രണ്ടു ദിവസം മുന്നേ പോലീസിനെ വിന്യസിക്കുന്നത്. നിലയ്ക്കല്‍, പമ്പ, കാനനപാത, സന്നിധാനം എന്നിവിടങ്ങളില്‍ അനാവശ്യമായി ആളുകള്‍ തങ്ങുന്നത് ഒഴിവാക്കാന്‍ പോലീസ് ശ്രമിക്കും. എന്നാല്‍, എത്രയധികം പോലീസിനെ വിന്യസിച്ചാലും ഒരു യുവതിപോലും സന്നിധാനത്തു പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധ രംഗത്തുള്ളവര്‍ പറയുന്നത്.

സ്ത്രീകളെ മുന്‍നിര്‍ത്തിയുള്ള പ്രതിഷേധത്തിനാണു സാധ്യത കൂടുതല്‍. ബിജെപി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. വടശേരിക്കര, ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ സ്ഥലങ്ങള്‍ പോലീസ് സുരക്ഷാമേഖലയാക്കി. ഐജി പി. വിജയനാണു സന്നിധാനത്തെ ചുമതല. വര്‍ഷങ്ങളായി തീര്‍ത്ഥാടന കാലത്തെ സുരക്ഷാ മേല്‍നോട്ടം വഹിച്ചുവരുന്നതു വിജയനാണ്. നിലയ്ക്കല്‍ മുതല്‍ പമ്പ വരെ ചുമതല ഐജി എം.ആര്‍. അജിത്കുമാറിനാണ്. ഐജിമാര്‍ക്കൊപ്പം ഐപിഎസ് ഓഫീസര്‍മാരും സഹായത്തിനുണ്ടാകും. മരക്കൂട്ടത്ത് എസ്പിമാര്‍ക്കാണ് ചുമതല. 16ന് ആരംഭിക്കുന്ന മണ്ഡലകാല മുന്നൊരുക്കങ്ങളുടെ ഭാഗം കൂടിയാണ് ഇത്തവണത്തെ ക്രമീകരണങ്ങള്‍. സുപ്രീംകോടതി വിധി പ്രകാരം ശബരിമല ദര്‍ശനത്തിനു പൊലീസ് സംരക്ഷണം തേടി ആരെങ്കിലും എത്തിയാല്‍ സുരക്ഷ നല്‍കുമെന്നു പത്തനംതിട്ട പൊലീസ് മേധാവി ടി.നാരായണന്‍ പറഞ്ഞു.

അതിനിടെ, ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലയ്ക്കലിലും പമ്പയിലും നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സംഘര്‍ഷത്തില്‍ അറസ്റ്റിലായ അഭിഭാഷകന്റെ ജാമ്യഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here