പത്തനംതിട്ട: ഇരുമുടികെട്ടുമായി മലചവിട്ടാന്‍ നിലയ്ക്കലിലെത്തിയ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വ്യാപക പ്രതിഷേധവുമായി ബി.ജെ.പി.

ഇന്നലെ വൈകുന്നേരം കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെ പത്തനംത്തിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് നടപടി. ആദ്യം കരുതല്‍ തടങ്കലില്‍ എടുത്ത് ചിറ്റാര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചശേഷമാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത്.

അന്യായമായി സംഘം ചേരല്‍ അടക്കമുള്ള മറ്റ് വകുപ്പുകളും സുരേന്ദ്രന്റെ മേല്‍ ചുമത്തിയിട്ടുണ്ട്. ഞായറാഴ്ചയായതിനാല്‍ മജിസ്‌ട്രേറ്റിന്റെ വീട്ടിലാണ് സുരേന്ദ്രനെ ഹാജരാക്കിയത്. സുരേന്ദ്രന്റെ അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി പരിഗണിച്ചില്ല. പുലര്‍ച്ചെയോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. ഒപ്പമുള്ള രണ്ട് പേരെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് പ്രതിഷേധദിനം ആചരിക്കും. രാവിലെ 10 മണി മുതല്‍ ഒന്നര മണിക്കൂര്‍ ഹൈവേകളില്‍ വാഹനങ്ങള്‍ തടയുമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്.

തനിക്കെതിരെ നടന്നത് മനുഷ്യാവകാശ ലംഘനമാണെന്നും,പോലീസ് വെള്ളം കുടിക്കാനും മരുന്ന് കഴിക്കാനും അനുവദിച്ചില്ലെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. ഇരുമുടിക്കെട്ട് പോലീസ് നിലത്തിട്ട് ചവിട്ടിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here