തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം, പൗരത്വഭേദഗതി നിയമം പ്രശ്നങ്ങളിൽ സംസ്ഥാനത്തു നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രിമിനൽ സ്വഭാവമില്ലാത്ത എല്ലാ കേസുകളും പിൻവലിക്കും. മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കോവിഡുകാലത്തെ സാമ്പത്തിക പ്രതിസന്ധി കാരണം മാറ്റിവച്ച സർക്കാർ ജീവനക്കാരുടെ ശമ്പളം ഏപ്രിൽ 21 മുതൽ അഞ്ചു തവണകളായി നൽകാനും തീരുമാനമായി.
82 കായിക താരങ്ങൾക്ക് ജോലി നൽകും. കായിക യുവജനകാര്യ ഡയറക്ടറേറ്റിൽ സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ചാണ് 35-ാമത് ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധാനം ചെയ്ത് ടീം ഇനങ്ങളിൽ വെള്ളി, വെങ്കലം നേടിയവർക്ക് നിയമനം നൽകുന്നത്.
തിരുനെല്ലി കാട്ടിൽ പോലീസ് വെടിയേറ്റു മരിച്ച നക്സൽ വർഗീസിന്റെ സഹോദരങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ.തോമസ്, എ. ജോസഫ് എന്നിവർക്ക് സെക്രട്ടറിതല സമിതി ശിപാർശ ചെയ്ത തുക അനുവദിക്കാനാണ് തീരുമാനം. 1970 ഫെബ്രുവരി 18നാണ് വർഗീസ് കൊല്ലപ്പെട്ടത്.