പമ്പ: സ്ത്രീപ്രവേശനത്തിന്റെ പേരിലുളള കൊമ്പുകോര്‍ക്കലുകള്‍ അരങ്ങുതകര്‍ക്കുമ്പോള്‍ ശബരിമലയില്‍ നിന്ന് വിട്ടുനിന്ന് സ്വാമിമാര്‍. മണ്ഡലകാലത്തിന്റെ ആദ്യദിനം മുതല്‍ നാലാം ദിവസവും ആളൊഴിഞ്ഞ നിലയിലാണ് സന്നിധാനം. പതിവ് നിര നടപ്പന്തലിലില്ല. ദര്‍ശനത്തിനും കാര്യമായ തിരക്കില്ല.

മണിക്കൂറില്‍ പതിനായിരത്തിലധികം പേര്‍ മലകയറിയിരുന്നിടത്ത് അതിന്റെ പകുതിയില്‍ താഴെ ആളുകള്‍ മാത്രമാണ് ഇപ്പോള്‍ എത്തുന്നത്. പോലീസിന്റെ കര്‍ശനമായ പരിശോധനകള്‍ ഭയന്നും സമരങ്ങള്‍ കണക്കിലെടുത്തുമാണ് അയ്യപ്പ ഭക്തര്‍ തീര്‍ത്ഥാടനത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നതെന്നാണ് വിലയിരുത്തല്‍. കടമ്പകളെല്ലാം കടന്ന് പ്രതിഷേധക്കാര്‍ സന്നിധാനത്ത് എത്തുക കൂടി ചെയ്തയോടെ പോലീസ് നടപടികളില്‍ വിട്ടുനില്‍ക്കുന്നത് ഭക്തര്‍മാത്രമാണ്.

ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ ദേവസ്വം ബോര്‍ഡിന് കനത്ത തിരിച്ചടിയായിരിക്കും ഈ തീര്‍ത്ഥാടന കാലത്ത് ഉണ്ടാവുക. ലേലത്തില്‍ നല്‍കിയ കടകളില്‍ കച്ചവടം നന്നേകുറവ്. എരുമേലി അടക്കമുള്ള സ്ഥലങ്ങളില്‍ നിരക്ക് കുറച്ചുകൊടുത്തിട്ടുപോലും കടകള്‍ എടുക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്.

നിലയ്ക്കലില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വേണം ഇക്കുറി പമ്പയിലെത്താന്‍. കെ.എസ്.ആര്‍.ടി.സി ബസുകളുടെ സര്‍വീസ് നിയന്ത്രണം പോലീസ് ഏറ്റെടുത്തതോടെ ഭക്തര്‍ വലയുന്ന സ്ഥിതിയാണ്. 310 ബസുകളില്‍ 50 എണ്ണത്തിന്റെ സര്‍വീസ് കഴിഞ്ഞദിവസം കെ.എസ്.ആര്‍.ടി.സി നിര്‍ത്തിവച്ചു. 10 ഇലക്ട്രിക് ബസുകളില്‍ സര്‍വീസ് നടത്തുന്നത് മൂന്നെണ്ണം മാത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here