ഉപരോധവും ആഗോള സമ്മര്‍ദ്ദവും വര്‍ദ്ധിച്ചതോടെ, ചര്‍ച്ചയും യുദ്ധവും ഒരേസമയം മുന്നോട്ടുകൊണ്ടുപോവുകയാണ് റഷ്യ. കീവ് അടക്കമുള്ള നഗരങ്ങള്‍ എത്രയും വേഗം പിടികൂടാനുള്ള നീക്കങ്ങളിലാണ്, സമാധാന ചര്‍ച്ചയ്ക്കിടയിലും റഷ്യന്‍ സേന.
രൂക്ഷമായ ആക്രമണം കീവ് അടക്കമുള്ള നഗരങ്ങളില്‍ തുടരുകയാണ്. യുദ്ധത്തില്‍ പങ്കാളികളായില്ലെങ്കിലും ഉക്രെയിന് ആവശ്യമായ ആയുധങ്ങള്‍ വാങ്ങി നല്കാന് യൂറോപ്യന്‍ യൂണിയന് തീരുമാനിച്ചതും റഷ്യയ്ക്കുമേലുള്ള ഉപരോധം കടുപ്പിച്ചതും യുദ്ധത്തിന്റെ തീവ്രത കൂട്ടുകയാണ്. ആണവമുക്ത രാഷ്ട്ര പദവി നീക്കി ബെലാറൂസും റഷ്യന്‍ ആണവായുധങ്ങള്‍ വിന്യസിക്കാന്‍ തയാറെടുത്തതോടെ ലോകത്ത് ആണവ ആശങ്ക വര്‍ദ്ധിക്കുകയാണ്.
ബെലാറൂസില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുമ്പോള്‍ കീവ് പിടിക്കാനായി റഷ്യയുടെ സേനാ വ്യൂഹം നീങ്ങുകയാണ്. അമേരിക്കന്‍ സ്വകാര്യ കമ്പനിയായ മാക്സാര്‍ ടെക്നോളജീസ് പുറത്തുവിട്ട ചിത്രത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍, അഞ്ചു കിലോമീറ്ററോളം നീളത്തിലുള്ള വാഹനവ്യൂഹമാണ് കീവിലേക്ക് നീങ്ങുന്നത്. അതു കീവില്‍ നിന്നു 40 കിലോമീറ്റര്‍ അകലത്തിലെത്തുകയും ചെയ്തിട്ടുണ്ട്.
കീവ് പുര്‍ണ്ണമായും വളയപ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക ഭരണകൂടവും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച റഷ്യന്‍ സൈന്യം ഉക്രെയിന് ആക്രമിച്ചപ്പോള്‍ ആദ്യം പകച്ചുവെങ്കിലും ജനങ്ങളെ അണിനിരത്തി വന്‍ പ്രതിരോധമാണ് തീര്‍ത്തത്. പിന്നാലെ പാശ്ചാത്യ ശക്തികളുടെ സഹായം കൂടി ലഭിച്ചു തുടങ്ങിയതോടെ ഉക്രെയിന് ശക്തമായി തന്നെ പൊരുതുകയാണ്.
ഇതോടെ യുദ്ധത്തിന്റെ രൂപവും ഭാവവും മാറുന്ന സ്ഥിതിയാണ്. ജനവാസ മേഖലകളിലടക്കം ശക്തമായ റോക്കറ്റ് ആക്രമണമാണ് റഷ്യന്‍ സേന നടത്തുന്നത്.