കീവ്: കാര്യമായി വിയര്‍ക്കാതെ തന്നെ പിടിച്ചടക്കാനെത്തിയ റഷ്യന്‍ സേന വെള്ളം കുടിക്കുകയാണ്. അന്തം വിട്ട റഷ്യ കീവ് പിടിക്കാന്‍ എന്തും ചെയ്യുമെന്ന സ്ഥിതിയാണിപ്പോള്‍. തത്വദീക്ഷയില്ലാതെ, ആഗോളതലത്തില്‍ ഉപയോഗവിലക്കുള്ള ബോംബുകള്‍ പോലും പ്രയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കീവിനെ ലക്ഷ്യമാക്കി നീങ്ങുന്ന സേനാ വ്യൂഹം കൂടി എത്തുന്നതോടെ കീവിന്റെ സ്ഥിതി എന്താകുമെന്ന ചിന്തയിലാണ് ജനങ്ങള്‍. അതിനിടെ, റഷ്യ ഉക്രെയില്‍ രണ്ടാം വട്ട സമാധാന ചര്‍ച്ചകള്‍ ഇന്നു നടന്നേക്കും.
സാധാരണക്കാരും വിദേശപൗരന്മാരോടും ജീവന് വേണമെങ്കില്‍ കീവില്‍ നിന്നു ഒഴിഞ്ഞുപോകാന്‍ റഷ്യന്‍ സേന നിര്‍ദേശിച്ചു കഴിഞ്ഞു. നിര്‍ദേശം മാത്രമല്ല, വന്‍തോതിലുള്ള ബോംബിംഗും പുരോഗമിക്കുകയാണ്. ജനവാസ മേഖലകളിലടക്കം വന്‍ നാശനഷ്ടമാണ് ആക്രമണങ്ങളിലുണ്ടാകുന്നത്. എത്രപേര്‍ക്കു പരിക്കുപറ്റുന്നെന്നോ മരണപ്പെടുന്നുവെന്നോയുള്ള കണക്കുകള്‍ പുറത്തു വരുന്നുമില്ല. പ്രധാന ഓഫീസുകള്‍ക്കു സമീപമുള്ളവരോട് മാറാന്‍ ഉക്രെയിന് അധികൃതരും നിര്‍ദേശിച്ചിട്ടുണ്ട്. കീവിലെ ഇന്ത്യന്‍ എംബസി അടച്ചു. ഉദ്യോഗസ്ഥര്‍ നഗരം വിട്ടു.
തലസ്ഥാന നഗരിയിലെ ടി.വി. ടവര്‍ തകര്‍ത്ത് ടി.വി. ചാനലുകളുടെ സംപ്രേഷണം റഷ്യന്‍ സേന തടഞ്ഞു. രാജ്യാന്തര നീതി കോടതിയില്‍ ഉക്രെയിന് നല്‍ഹിയ കേസ് അടുത്ത ആഴ്ച പരിഗണിക്കും. ഉക്രെയിനു അംഗത്വം നല്കാന് യൂറോപ്യന്‍ യൂണിയന് നടപടികള്‍ തുടങ്ങുകയും ചെയ്തു.
മാരകമായ ക്ലസ്റ്റര്‍, വാക്വം ബോംബുകള്‍ റഷ്യന്‍ സേന ഉക്രെയിനില്‍ പ്രയോഗിച്ചെന്നു വിവിധ മനുഷ്യാവകാശല സംഘടകളും യു.എസിലെ ഉക്രെയിന് അംബാസഡന്‍ ഒക്സാന മാര്കറോവയും ആരോപിച്ചു. എന്നാല്‍, ഇത്തരം ബോംബുകള്‍ പ്രയോഗിച്ചിട്ടില്ലെന്നാണ് റഷ്യയുടെ നിലപാട്. റഷ്യന്‍ സേനയുടെ ഭാഗത്തു നാശങ്ങള് ഉണ്ടായിട്ടുണ്ടെന്ന് ഇതാദ്യമായി അവര്‍ സമ്മതിക്കുകയും ചെയ്തു.