ഭക്ഷണമോ വൈദ്യൂതിയോ ഇല്ല…, യുദ്ധക്കെടുതിക്കു നടുവില്‍ നിന്നു ഇന്ത്യക്കാരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു

കീവ്: പത്തു ദിവസം പിന്നിട്ട യുദ്ധത്തിലെ ആദ്യ താല്‍ക്കാലിക വെടി നിര്‍ത്തല്‍ ഫലം കണ്ടില്ല. സമവായ ശ്രമങ്ങള്‍ക്കും ഉപരോധത്തിനുമൊപ്പം ഏറ്റുമുട്ടലും തുടരുമ്പോള്‍ ആഹാരവും സുരക്ഷിതമായി കിടന്നുറങ്ങാന്‍ സ്ഥലവുമില്ലാതെ ഉക്രെയിനിലുള്ളവര്‍ നട്ടം തിരിയുന്നു. ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ദുഷ്‌കര ദൗത്യം ഏതു വിധേനയും പൂര്‍ത്തിയാക്കാനുള്ള തീവ്രശ്രമങ്ങള്‍ പുരോഗമിക്കുന്നു.

പോരാട്ടം കടുത്ത മേഖലകളില്‍ ജനങ്ങളെ ഒഴിപ്പിക്കാനാണ് ഏഴു മണിക്കൂര്‍ വെടിനിര്‍ത്തലിനു ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്. ശനിയാഴ്ച പതിനൊന്നു മുതല്‍ നാലുവരെ ആക്രമണം നിര്‍ത്താനായിരുന്നു ധാരണയായത്. എന്നാല്‍, ധാരണാ സമയത്തും ആക്രമണം പൂര്‍ണ്ണമായും നിലച്ചില്ല. അതിനാല്‍ തന്നെ ഒഴിപ്പിക്കല്‍ നടപടി വേണ്ടരീതിയില്‍ നടപ്പായില്ല.

മരിയുപോല്‍, വൊല്‍നോവക നഗരങ്ങളില്‍ തുടരുന്ന കടുത്ത ഷെല്ലാക്രമണം ഭക്ഷണവും വെള്ളവുമില്ലാതെ ജനങ്ങളെ വലയ്ക്കുകയാണ്. അവരെ ഒഴിപ്പിക്കാനും ഭക്ഷണവും മരുന്നും ലഭ്യമാക്കാന്‍ പ്രത്യേക ഇടനാഴി കണ്ടെത്താനായിരുന്നു വെടിനിര്‍ത്തല്‍ ധാരണ. അതിനിടെ, രാജ്യത്തിനു മുകളിലൂടെ വിമാനങ്ങള്‍ പറക്കരുതെന്ന ഉക്രെയിന്റെ ആവശ്യം ഒരിക്കല്‍ കൂടി നാറ്റോ തള്ളി. അത്തരം നടപടി റഷ്യയും യൂറോപ്പും തമ്മിലുള്ള യുദ്ധത്തിലേക്കു നീങ്ങുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍റ്റന്‍ബെര്‍ഗ് പറഞ്ഞു. അത്തരമൊരു നിയന്ത്രണങ്ങളുമായി വരുന്നവരെ നേരിടുമെന്ന് റഷ്യയും മുന്നറിയിപ്പു നല്‍കി.

നാറ്റോയു തീരുമാനം ഉക്രെയിനിലെ ജനങ്ങളെ കൊന്നൊടുക്കാന്‍ റഷ്യയ്ക്കുള്ള അനുമതിയാണെന്നു ഉക്രെയിന്‍ പ്രസിഡന്റ് വേളോദിമിര്‍ സെലെന്‍സ്‌കി കുറ്റപ്പെടുത്തി. ഇനിയുണ്ടാകുന്ന മരണങ്ങള്‍ക്കു നാറ്റോ ഉത്തരവാദിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞുവച്ചു. മറ്റൊരു വശത്ത് റഷ്യയ്ക്കു മേല്‍ കൂടുതല്‍ ഉപരോധ നടപടികള്‍ ഏര്‍പ്പെടുത്തുകയാണ് വന്‍കിട സ്ഥാപനങ്ങളും അമേരിക്ക അടക്കമുള്ള രാജ്യങ്ങളും.

ഒഴിപ്പിക്കല്‍ വൈകുന്നതില്‍ പ്രതിഷേധിച്ച വടക്കു കിഴക്കല്‍ സംസ്ഥാനങ്ങളിലുള്ള ഇന്ത്യക്കാരോട് എംബസി അധികൃതര്‍ ആശയവിനിമയം നടത്തി. ഒഴിപ്പിക്കലിനായി എല്ലാ വഴികളും തേടുകയാണെന്നും കരുത്തോടെ തുടരണമെന്നും എംബസിയുടെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. റെഡ്‌ക്രോസ് അടക്കമുള്ള എല്ലാ ഏജന്‍സികളുമായും ഒഴിപ്പിക്കലിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here