5ജി നെറ്റ്വര്‍ക്ക് വികസിപ്പിക്കാനുള്ള ഉപകരണങ്ങളും മറ്റും സ്വന്തം രാജ്യത്തെ കമ്പനികളില്‍ നിന്നും മതിയെന്ന് റഷ്യ തീരുമാനമെടുത്തു. റഷ്യയിലെ സ്റ്റേറ്റ് കമ്മീഷന് ഓണ്‍ റേഡിയോ ഫ്രീക്വന്‍സി (എസ്സിആര്‍എഫ്)യാണ് രാജ്യത്തെ 5 ജി നെറ്റ്വര്‍ക്കിന്റെ വികസനത്തിനായി റഷ്യന്‍ വംശജരുടെ ഉപകരണങ്ങള്‍ മാത്രമേ ഉപയോഗിക്കൂവെന്ന് പ്രഖ്യാപിച്ചത്. ഇതോടെ ചൈനീസ് കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാകുകയാണ് ഈ തീരുമാനം.
രാജ്യത്ത് 5 ജി നെറ്റ്വര്ക്കുകള് വിന്യസിക്കുന്നതിന് പ്രത്യേകമായി റഷ്യയില്‍ നിര്‍മ്മിച്ച ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനമെടുത്തതായി ഡിജിറ്റല്‍ വികസന, വാര്‍ത്താവിനിമയ, മാസ് മീഡിയ മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി ഹെഡ് എസ്സിആര്‍എഫിന്റെ യോഗത്തിന് ശേഷം പറഞ്ഞു. അതിനനുസരിച്ച് റഷ്യന്‍ ഉത്ഭവ ഉപകരണങ്ങളുടെ വിതരണം 2024 മുതല്‍ ആരംഭിക്കും. റഷ്യയില്‍ 5 ജി സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതില്‍ 5-6 വര്‍ഷം കാലതാമസം വരുമെന്നാണ് കണക്കു കൂട്ടല്‍. എന്നിരുന്നാലും മറ്റു രാജ്യങ്ങളുടെ സേവനം വേണ്ടെന്നു വച്ചതിലൂടെ പ്രധാന ലക്ഷ്യം ചൈനയെ വിപണിയില്‍നിന്നും അകറ്റിനിര്‍ത്തുക എന്നതാണെന്ന് വിലയിരുത്തപ്പെടുന്നു.അതിര്‍ത്തി സംഘര്‍ഷത്തിനുശേഷം ചൈനീസ് ആപ്പുകളടക്കം നിരോധിച്ച് തിരിച്ചടിച്ച ഇന്ത്യയുടെ പാത മറ്റു ലോക രാജ്യങ്ങളും പരോക്ഷമായി പിന്തുടരുന്നത് ഇന്ത്യയുടെ നയതന്ത്രത്തിന്റെ കൂടി വിജയം കൂടിയാണ്.