റിപ്പബ്ലിക് ദിനാഘോഷത്തില് ഇത്തവണ മുഖ്യാതിഥിയില്ലെന്ന് കേന്ദ്രസര്ക്കാര് , 55 വര്ഷത്തിനിടെ ആദ്യം

ഡല്‍ഹി: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ വിദേശ ഭരണാധികാരികളെ മുഖ്യാതിഥിയാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു കൊവിഡ് വൈറസ് രോഗവ്യാപനത്തെ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ നടപടി.. 55 വര്‍ഷത്തിനിടെ ഇതാദ്യമായാണ് രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ മുഖ്യാതിഥിയില്ലാതെ നടത്തുന്നത്..

ലോകത്താകെയുള്ള കൊവിഡ് 19 വ്യാപനത്തിന്റെ സാഹചര്യം കാരണം ഈ വര്‍ഷം വിദേശ രാഷ്ട്രത്തലവനെ റിപ്പബ്ലിക് ദിന പരിപാടിയില്‍ മുഖ്യാതിഥിയായിരിക്കില്ലെന്ന് തീരുമാനിച്ചതായി വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്.

ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിനാഘാഷത്തില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ മുഖ്യാതിഥിയായി ക്ഷണിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇതിനായി ഇന്ത്യയിലെത്താന്‍ സാധിക്കില്ലെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. പിന്നാലെ ചില ആഫ്രിക്കന്‍ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാര്‍ മുഖ്യാതിഥിയാകും എന്ന വാര്‍ത്തയും വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയത്.

1966 ലാണ് രാജ്യത്ത് ഏറ്റവും ഒടുവില്‍ മുഖ്യാതിഥിയില്ലാതെ റിപ്പബ്ലിക്ക് ദിന പരിപാടികള്‍ നടന്നത്. അന്നത്തെ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ അകാല നിര്യാണത്തെത്തുടര്‍ന്നുള്ള പ്രത്യേക സാഹചര്യങ്ങള്‍ കാരണമായിരുന്നു അത്. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണശേഷം ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ 1966 ജനുവരി 24 ന് റിപ്പബ്ലിക് ദിനാഘോഷത്തിന് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കേയാണ് അന്ന് അധികാരമേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here