റിപബ്ലിക്ക് ദിനാഘോഷത്തിൽ രാജ്യം. റിപബ്ലിക്ക് ദിന പരേഡിന് ഡല്‍ഹിയില്‍ പ്രൗഢോജ്ജ്വല തുടക്കം. യുദ്ധസ്മാരകത്തില്‍ ധീരസൈനികര്‍ക്ക് ആദരവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാഞ്ജലി അര്‍പ്പിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും കര-നാവിക-വ്യോമ സൈനിക വിഭാഗങ്ങളുടെ മേധാവികളും ഒപ്പമുണ്ടായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് രാജ്പഥില്‍ പരേഡിന് തുടക്കമായി. പ്രധാന മന്ത്രി അഭിവാദ്യം സ്വീകരിച്ചു. ഇത്തവണ മുഖ്യാതിഥിയില്ലാതെയാണ് റിപബ്ലിക് ദിന ചടങ്ങുകള്‍ നടന്നത്. ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് സേനയും പരേഡിന്റെ ഭാഗമായി.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജന്‍പഥില്‍ ദേശീയ പതാക ഉയർത്തി. രാജ്യത്തെ സൈനീക ശക്തിയും പൈതൃകവും വിളംബരം ചെയ്യുന്ന പരിപാടികളാണ് റിപ്പബ്ലിക്ക് ദിന പരേഡിൽ അരങ്ങേറുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സൈനിക കരുത്ത് പ്രകടനമാക്കുന്ന സേനാ വിഭാഗങ്ങളുടെ പരേഡ്, കലാ സാംസ്കാരിക പരിപാടികൾ, നിശ്ചല ദൃശ്യങ്ങൾ എന്നിവയാണ് പരേഡിന്റെ മുഖ്യ ആകർഷണം. പ്രത്യേക സാഹചര്യം പരിഗണിച്ച് പരേഡിന്റെ ദൂരവും സമയവും കുറച്ചിട്ടുണ്ട്. സാധാരണ 8.2 കിലോമീറ്റർ ഉണ്ടാകുന്ന പരേഡ് ഇത്തവണ 3.3 കിലോമീറ്റർ മാത്രം താണ്ടി ഇന്ത്യ ഗേറ്റിൽ അവസാനിക്കും.