നീറ്റ് പരീക്ഷ: പരിശോധന വിദ്യാര്‍ഥിനികളുടെ ബ്രായും ജീന്‍സും അഴിച്ച്

0
3

കണ്ണൂര്‍: ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയിലാണ് നിബന്ധനകളുടെ പേരില്‍  വിദ്യാര്‍ഥിനികളുടെ ബ്രായും ജീന്‍സും അഴിച്ച് പരിശോധന നടത്തിയെന്ന് ആരോപണം. കണ്ണൂരിലെ ചില സ്വകാര്യ സ്‌കൂളുകളില്‍  നീറ്റ് പരീക്ഷയ്ക്കിടെയാണ് കേരളത്തെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

ഒരു തരത്തിലുള്ള ക്രമക്കേടുകളും വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവാതാരിയ്ക്കാന്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്. പ്രവേശനപ്പരീക്ഷ നിബന്ധനകള്‍ പാലിക്കാതെ എത്തിയവരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഹാളിലേക്കു കയറുംമുമ്പ് ഡ്രസ് കോഡിന്റെ പേരില്‍ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചെന്നാണു പരാതി.

കുഞ്ഞിമംഗലം കൊവ്വപ്പുറം പിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. ലോഹക്കൊളുത്തുള്ള ബ്രാ ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ക്കാണ് പരിശോധന പീഡനമായത്. രാവിലെ 8.30-ന് തുടങ്ങുന്ന പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് അധികൃതര്‍ വിദ്യാര്‍ഥിനികളെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചത്. ക്ലാസ് മുറിക്കുള്ളില്‍വെച്ച് വസ്ത്രമഴിച്ച് ബ്രാ പുറത്തുനില്‍ക്കുന്ന അമ്മമാരുടെ കൈയില്‍ കൊടുത്ത് അകത്തിരുന്ന് പരീക്ഷയെഴുതേണ്ടിവന്നു ഇവര്‍ക്ക്. പയ്യാമ്പലത്തെ ഒരു തപാല്‍ജീവനക്കാരന്റെ മകള്‍ ജീന്‍സാണ് ധരിച്ചിരുന്നത്. ജീന്‍സിലെ പോക്കറ്റും മെറ്റല്‍ ബട്ടണും മാറ്റണമെന്നായിരുന്നു അധികൃതരുടെ ആവശ്യം. വിട്ടുവീഴ്ചയ്ക്കു തയാറാകാതിരുന്നതോടെ പെണ്‍കുട്ടിയുടെ പിതാവ് മൂന്നു കിലോമീറ്റര്‍ യാത്രചെയ്തു കട തുറപ്പിച്ച് പുതിയ വസ്ത്രം വാങ്ങിക്കേണ്ടി വന്നു. കടുത്ത നിബന്ധനകളാല്‍ ഒരു മുസ്‍ലിം വിദ്യാര്‍ഥി ആറു ജോടി ഉടുപ്പുമായാണ് പരീക്ഷാസെന്ററില്‍ എത്തിയത്. എന്നിട്ടും മുഴുനീള ഉടുപ്പിന്റെ കൈ വെട്ടിച്ചെറുതാക്കിയശേഷം മാത്രമേ പരീക്ഷാഹാളിലേക്കു കയറ്റിയുള്ളൂവെന്നു രക്ഷിതാവ് പരാതിപ്പെട്ടു. മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷ ഞായറാഴ്ചയാണ് നടന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here