ചെന്നൈ: പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ ഒരുക്കങ്ങളുമായി രജനീകാന്ത്. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എം.ജി.ആറിന്റെ പിറന്നാള്‍ ദിനമായ ജനുവരി 17-ന് പാര്‍ട്ടിയുടെ പേരും നയവും ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് രജനിയുടെ നീക്കം. ജനുവരിയില്‍ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് രജനി അറിയിച്ചിട്ടുണ്ട്. പ്രഖ്യാപനത്തീയതി ഡിസംബര്‍ 31-നാകും ഔദ്യോഗികമായി അറിയിക്കുന്നത്.

പുതിയ ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിനായി രജനി ഹൈദരാബാദിലാണെങ്കിലും ചെന്നൈ കേന്ദ്രീകരിച്ച്‌ പാര്‍ട്ടി രൂപവത്കരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എം.ജി.ആറിന്റെ പിന്തുടര്‍ച്ച അവകാശപ്പെട്ടാണ് രജനീകാന്തും കമല്‍ഹാസനും രംഗത്തിറങ്ങിയിരിക്കുന്നത്. എം.ജി.ആറിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ച്‌ കമല്‍ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ പേരില്‍ എ.ഐ.എ.ഡി.എം.കെ. നേതാക്കളും കമലും തമ്മില്‍ വാക്‌പോരും തുടങ്ങി. ഇതിനിടെയാണ്എം.ജി.ആറിനെ ഉയര്‍ത്തിക്കാട്ടി രജനിയും എത്തുന്നത്.

കമലിനെപ്പോലെ പ്രധാനമായും എ.ഐ.എ.ഡി.എം.കെ.യുടെ വോട്ടുകളാണ് രജനീകാന്തും ലക്ഷ്യമിടുന്നത്. ഇരുവരും ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് തമിഴ്‌നാട് രാഷ്ട്രീയത്തിലുണ്ടായിരിക്കുന്ന ശൂന്യത മുതലാക്കിയാണ് രംഗത്തിറങ്ങിയത്. രജനിയുടെ പിറന്നാള്‍ദിനമായ ഡിസംബര്‍ 12-ന് അദ്ദേഹത്തിന്റെ പാര്‍ട്ടി രൂപവത്കരണവുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ആ ദിവസം ആരാധകരെ കാണാന്‍പോലും രജനി തയ്യാറായില്ല. തന്റെ പിറന്നാളിനുപകരം എം.ജി.ആറിന്റെ പിറന്നാള്‍ദിനം പാര്‍ട്ടി പ്രഖ്യാപിക്കുന്നത് എ.ഐ.എ.ഡി.എം.കെ. അണികളുടെ മനംകവരാന്‍ സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് രജനിയെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം.

എം.ജി.ആര്‍. അന്തരിച്ച്‌ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും തമിഴ്‌നാട്ടിലെ ജനങ്ങളുടെ മനസ്സില്‍ അദ്ദേഹത്തിനുള്ള സ്വാധീനം വലുതാണ്. ഇത് അനുകൂലമാക്കാനുള്ള ആദ്യചുവടുവെപ്പായാണ് രജനിയുടെ പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്. മക്കള്‍ സേവൈ കക്ഷി എന്നാണ് രജനിയുടെ പാര്‍ട്ടിയുടെ പേര് എന്നാണ് സൂചന. ഈപേരില്‍ പുതിയ പാര്‍ട്ടിയുടെ രജിസ്‌ട്രേഷനുവേണ്ടി രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളില്‍ ഒരാള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here