സർക്കാർ പണമടച്ചില്ല; പ്രതിപക്ഷനേതാവിന്‍റെ ഫോണും ഇൻറർനെറ്റും വിച്ഛേദിച്ചു, പിന്നാലെ നടപടി

തിരുവനന്തപുരം: പൊതുഭരണവകുപ്പ് പണം അടയ്ക്കാത്തതിനാൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഫോണും ഇൻറർനെറ്റും വിച്ഛേദിച്ചതായി റിപ്പോർട്ട്. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലെ ടെലിഫോണും ഇന്റർനെറ്റുമാണ് ബിഎസ്എൻഎൽ വിച്ഛേദിച്ചതെന്ന് മാതൃഭൂമി ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.

സാങ്കേതികപ്പിഴവുമൂലം ടെലിഫോൺ ലഭിക്കുന്നില്ലെന്നു പരാതിപ്പെട്ടപ്പോഴാണ് പണമടക്കാത്തതിനാൽ ബന്ധം വിച്ഛേദിച്ചതാണെന്ന മറുപടി ലഭിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സാങ്കേതികപ്പിഴവുണ്ടെന്ന് പരാതിപ്പെട്ടപ്പോൾ 4600 രൂപ കുടിശ്ശികയുണ്ടെന്നും അത് അടയ്ക്കാത്തതിനാലാണ് ടെലിഫോൺ വിച്ഛേദിക്കുന്നതെന്നും ബിഎസ്എൻഎൽ അറിയിക്കുകയായിരുന്നു.

എന്നാൽ സംഭവം വാർത്തയായപ്പോൾ വൈകുന്നേരത്തോടെ ടെലിഫോൺ, ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിച്ചെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തുന്ന അതേ സാഹചര്യത്തിലാണ് പൊതുഭരണവകുപ്പ് പണം അടയ്ക്കാത്തതിനാൽ ഫോൺ ബന്ധം വിച്ഛേദിച്ചെന്ന വാർത്തയും പുറത്തുവരുന്നത്.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാരിന്റെ നടപടി തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള അസംബന്ധ നാടകം മാത്രമാണെന്ന് ചെന്നിത്തല കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഈ വിവരക്കേട് തെരഞ്ഞെടുപ്പ് കാലത്തെ മറ്റൊരു ‘പ്രചരണ സ്റ്റണ്ട്’ മാത്രമായി കണ്ടാല്‍ മതിയെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here