മുഖ്യമന്ത്രിയുടെ ഓഫീസിനെ ട്രോളി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇടതുപക്ഷ സൈബര്‍ സഖാക്കള്‍ സൈബറിടങ്ങളില്‍ സൃഷ്ടിച്ച ഇമേജുകളെ നിലംപരിശാക്കി ‘തീപ്പൊരിയായി’ മാറുകയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കുറിക്കുകൊള്ളുന്ന പ്രയോഗങ്ങളും കടന്നാക്രമണങ്ങളും നടത്തി അദ്ദേഹം സര്‍ക്കാരിനെയും ഇടതുപക്ഷത്തെയും വെട്ടിലാക്കുകയാണ്. കേരളത്തെ ഞെട്ടിപ്പിച്ച ഇടതുസര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ ഓരോന്നായി വെളിപ്പെടുത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകള്‍ക്ക് കേരളം ചെവികൊടുത്തു തുടങ്ങിയത് ‘സ്പ്രിംങ്ക്‌ളര്‍ ‘ ഡാറ്റാത്തട്ടിപ്പുമുതലാണ്. തുടര്‍ന്നങ്ങോട്ട് ഇടതുപക്ഷത്തിന്റെ കഷ്ടകാലത്തിന്റെ തുടക്കമായിരുന്നു. പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങള്‍ ‘ഉണ്ടയില്ലാ വെടി’ എന്നധിക്ഷേപിച്ച് ഇടതുനേതാക്കളും സൈബര്‍ സഖാക്കളും പ്രചരണംനടത്തിയെങ്കിലും ഒന്നുംഏശിയില്ല. ‘സ്പ്രിംങ്ക്‌ളര്‍’ ഇടപാടില്‍ നിന്നും സര്‍ക്കാരിന് പിന്‍വലിയേണ്ടിയും വന്നു. തുടര്‍ന്നിങ്ങോട്ട് സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി, കിഫ്ബി പദ്ധതികളിലെ തട്ടിപ്പ് തുടങ്ങിയ നിരവധി വിഷയങ്ങളില്‍ പ്രതിപക്ഷനേതാവെന്ന നിലയില്‍ ഓരോഘട്ടത്തിലും രമേശ് ചെന്നിത്തല സര്‍ക്കാരിന്റെ ചെയ്തികളെ ജനങ്ങളുടെ മുന്നിലെത്തിച്ചു.

പ്രതിപക്ഷനേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയക്ക് ജനപ്രീതി കൂടുന്നെന്ന് മനസിലാക്കിയ ഇടതുപക്ഷം ‘ആര്‍.എസ്.എസ്.’ നോമിനി എന്ന വ്യാജആക്രമണം ചെന്നിത്തലയ്‌ക്കെതിരേ അഴിച്ചുവിടുകയും ചെയ്തു. ന്യൂനപക്ഷവോട്ടുകളില്‍ വിള്ളല്‍വീഴ്ത്തുക എന്നലക്ഷ്യമിട്ടായിരുന്നു സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ള നേതാക്കളുടെ നീക്കം. ”എന്റെ ഡി.എന്‍.എ. എന്തെന്ന് കേരളത്തിന് അറിയാം”- എന്ന ഒറ്റ മറുപടിയിലൂടെ കോടിയേരിയുടെ ആരോപണത്തിന് മാന്യമായി തിരിച്ചടി നല്‍കിയ രമേശ് ചെന്നിത്തല തുടര്‍ന്നങ്ങോട്ട് നവമാധ്യമ ഇടപെടലുകളിലും കുറിക്കുകൊള്ളുന്ന പ്രയോഗങ്ങളുമായി രംഗത്തുവന്നു.

ഇടതുസൈബര്‍ പോരാളികളുടെ പ്രതിരോധത്തിനപ്പുറം രമേശ് ചെന്നിത്തലയുടെ ചാട്ടുളി പ്രയോഗങ്ങള്‍ നവമാധ്യമങ്ങളിലും സജീവചര്‍ച്ചയായി മാറി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ‘ഡയറക്ടര്‍ ജനറല്‍ ഒഫ് പര്‍ച്ചേഴ്‌സ്’ എന്നു വിശേഷിപ്പിച്ചതും ചിരിപടര്‍ത്തി. റിട്ടയര്‍ ചെയ്യുംമുമ്പ് പോലീസ് വകുപ്പില്‍ നിരവധി സാധനസാമഗ്രികള്‍ വാങ്ങിക്കൂട്ടുകയാണെന്നും ഓരോ ഇടപാടിലും പലരും കമ്മിഷന്‍ പറ്റുന്നൂവെന്നുമുള്ള ആരോപണം ഉയരുന്നതിനിടെയാണ് പ്രതിപക്ഷനേതാവ് ഈ പ്രയോഗം നടത്തിയത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതിനു പിന്നാലെ രമേശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും ശ്രദ്ധേയമായി.

”ചിലര്‍ക്ക് അഴിമതി; ചിലര്‍ക്ക് കള്ളക്കടത്ത്
മറ്റു ചിലര്‍ക്ക് കള്ളപ്പണം വെളുപ്പിക്കല്‍
മുഖ്യമന്ത്രിയുടെ ഓഫീസില്‍
ഓരോരുത്തര്‍ക്കും ഓരോ ചുമതല”

ഒരു പരസ്യവാചകത്തിന്റെ ഫോര്‍മാറ്റ് കടമെടുത്ത് പ്രതിപക്ഷനേതാവ് ചിരിയും ചിന്തയും പടര്‍ത്തി. സൈബറിടങ്ങളില്‍ എക്കാലത്തും മേല്‍ക്കൈയുള്ളത് ഇടതുപക്ഷത്തിനാണ്. എന്നാല്‍ ഇപ്പോള്‍ പ്രതിരോധത്തിലായതോടെ സൈബര്‍ സഖാക്കളുടെ നിറം മങ്ങി. ബി.ജെ.പി. അനുകൂല പ്രചാരകരും സൈബര്‍ കരുത്തുകാട്ടുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് സൈബര്‍ പ്രചരണത്തില്‍ വിടി ബല്‍റാമടക്കമുള്ള ചുരുക്കം ചില യുവനേതാക്കള്‍ മാത്രമായിരുന്നു കോണ്‍ഗ്രസിനുള്ളത്. ആ നിരയിലേക്ക് പ്രതിപക്ഷനേതാവുകൂടി സാന്നിധ്യമറിച്ചുതുടങ്ങിയതാണ് ഇടതുപക്ഷ സൈബര്‍ പ്രചരണത്തിന് തിരിച്ചടിയാകുന്നത്. സൈബര്‍ ഇടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ ഇടതുപക്ഷ അനുകൂലികള്‍ക്ക് ഇതിനകംതന്നെ പാര്‍ട്ടിഘടകങ്ങള്‍ നിര്‍ദ്ദേശം നല്‍കിയതായി സൂചനയുണ്ട്. വിമര്‍ശകരുടെ ഏതുപോസ്റ്റിനുകീഴെയും എതിര്‍അഭിപ്രായം രേഖപ്പെടുത്തി സൈബര്‍സഖാക്കളുടെ ആധിപത്യം കൂട്ടുകയാണ് ലക്ഷ്യം. പല സൈബര്‍ പോരാളികളും വിമര്‍ശകരെ വ്യക്തിഹത്യനടത്തിയും അധിക്ഷേപങ്ങള്‍ ചൊരിഞ്ഞുമാണ് അഭിപ്രായപ്രകടനം നടത്തുന്നത്.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ അധിക്ഷേപിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നവര്‍.

സര്‍ക്കാരിനെയും ഇടതുപക്ഷത്തെയും വിമര്‍ശിക്കുന്നവരുടെയെല്ലാം നവമാധ്യമങ്ങളിലെ പോസ്റ്റുകള്‍ക്കു താഴെ സൈബര്‍സഖാക്കളുടെ രോഷപ്രകടനം നിറഞ്ഞ ആധിപത്യം കാണാനാകും. വിമര്‍ശകരുടെ ഓരോ പോസ്റ്റിനുകീഴിലും ആദ്യം കാണുന്നവിധത്തില്‍ സൈബര്‍ അനുകൂലികളുടെ അധിക്ഷേപങ്ങള്‍ മാത്രമാണ് നിറയുക.

പക്ഷേ, ”മറുപക്ഷത്ത് കൊള്ളാവുന്ന ചിലരുണ്ട്. നാട്ടുകാര്‍ക്ക് അവരോട് നല്ല മമതയുള്ളതിനാല്‍ പരമാവധി നാറ്റിക്കണം,വല്ല പെണ്ണുകേസിലോ ഗര്‍ഭക്കേസിലോ പെടുത്തണം” – എന്ന മട്ടില്‍ ‘സന്ദേശം’ സിനിമയില്‍ സഖാക്കള്‍ക്ക് ക്ലാസ് എടുക്കുന്ന ശങ്കരാടിയുടെ കഥാപാത്രം പറയുന്നത് ഓര്‍മ്മപ്പെടുത്തും വിധമാണ് സൈബര്‍ സഖാക്കളുടെ ഇടപെടലെന്ന് പറയേണ്ടിവരുമെന്നു മാത്രം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ സൈബര്‍ പ്രചരണമെന്നത് ഇടതുപക്ഷവും ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നതെന്ന സൂചനയാണ് സൈബറിടങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ഈ ഇടതുഅനുകൂലികളുടെ സാന്നിധ്യം.

LEAVE A REPLY

Please enter your comment!
Please enter your name here