നാട് കത്തുമ്പോള്‍ മുഖ്യമന്ത്രി കൈയും കെട്ടിയിരുന്നു; രൂക്ഷ വിമര്‍ശനവും ഹരിയാന ഹൈക്കോടതി

0
2

ചണ്ഡിഗഢ്: ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാം റഹീമിന്റെ അനുയായികള്‍ നടത്തിയ കലാപം തടയുന്നതില്‍ പരാജയപ്പെട്ട ഹരിയാനാ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. രാഷ്ട്രീയ ലാഭത്തിനായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ആക്രമണത്തിനു കൂട്ടുനിന്നെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി കുറ്റപ്പെടുത്തി. നാട് കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ കൈയും കെട്ടിയിരുന്നുവെന്നാണ് ഹൈക്കോടതി പറഞ്ഞത്. സര്‍ക്കാര്‍ അക്രമികള്‍ക്കു കീഴടങ്ങിയോയെന്നും ഹൈക്കോടതി ചോദിച്ചു.

31 പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്ത കലാപമേഖലകളില്‍ ആശങ്ക വിട്ടുമാറിയിട്ടില്ല. പഞ്ച്കുളയില്‍ 29 പേരും സിര്‍സയില്‍ രണ്ടു പേരുമാണ് മരിച്ചതെന്ന് പഞ്ച്കുള കണ്‍ട്രോള്‍ റൂം ഔദ്യോഗികമായി അറിയിച്ചു. മുഖ്യമന്ത്രിയെ കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിക്കു വിളിപ്പിച്ചതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. അതിനിടെ, ദേര സച്ചാ സൗദയുടെ ഹരിയാനിയിലെ ആസ്ഥാനത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. സിര്‍സയില്‍ ഒരു ലക്ഷത്തോളം അനുയായികള്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് കണക്കു കൂട്ടുന്നത്. ഇവിടെ സൈന്യവും ദ്രുതകര്‍മ്മസേനയും അക്രമം നേരിടാനുള്ള പൂര്‍ണ്ണ സന്നാഹങ്ങളുമായി രംഗത്തുണ്ട്. കുരുക്ഷേത്രയിലെ ഒമ്പതു ആശ്രമങ്ങള്‍ ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്ന് അടപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here