രാമക്ഷേത്ര നിർമ്മാണത്തിന് നിർബന്ധിത സംഭാവന; പ്രതിഷേധിച്ച് ശുചീകരണ തൊഴിലാളികൾ

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി നിർബന്ധിത സംഭാവന ആവശ്യപ്പെടുന്നു എന്നാരോപിച്ച് ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം. ഉത്തർപ്രദേശ് ഷഹജഹൻപുർ ജലാൽബാദ് മുൻസിപ്പാലിറ്റി തൊഴിലാളികളാണ് പ്രതിഷേധവുമായെത്തിയിരിക്കുന്നത്. രാമക്ഷേത്ര നിർമ്മാണത്തിനായി ഓരോരുത്തരും നൂറു രൂപ വീതം സംഭാവന നൽകണമെന്ന് ഒരു മുന്‍സിപ്പൽ ഇൻസ്പെക്ടർ നിർബന്ധിക്കുന്നു എന്നാണ് ആരോപണം.

പണം നൽകാൻ തയ്യാറായില്ലെങ്കിൽ ജോലിക്കെത്തിയാലും ഹാജർ രേഖപ്പെടുത്തില്ലെന്ന് ഭീഷണി മുഴക്കിയെന്നും ശുചീകരണ തൊഴിലാളികൾ പറയുന്നു. ഈ നിർബന്ധിത പിരിവിനെതിരെ കഴിഞ്ഞ ദിവസം തൊഴിലാളികളുടെ നേതൃത്വത്തിൽ മുൻസിപ്പൽ വളപ്പിൽ ധർണയും നടത്തി. ശുചീകരണ തൊഴിലാളി സംഘത്തിന്‍റെ നേതാവായ പ്രേം പ്രകാശ് വാൽമീകി എന്നയാളുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിലാണ് നിർബന്ധിത സംഭാവനയെക്കുറിച്ചും നേരിടുന്ന ഭീഷണിയെക്കുറിച്ചും ഇയാൾ വെളിപ്പെടുത്തുന്നത്.

പിന്നാലെ ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം വാർത്താപ്രാധാന്യം നേടുകയുംചെയ്തു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ തന്നെ ആരോപണങ്ങൾ ആവര്‍ത്തിച്ച് വാൽമീകി നേരിട്ടും പ്രതികരിച്ചിരുന്നു. ശമ്പളം വളരെ കുറവായതിനാൽ സംഭാവന നൽകാൻ കൂടിയുള്ള തുക ആർക്കും താങ്ങാനാകില്ല. എന്നാൽ പണം നൽകിയേ മതിയാകു എന്ന് ഉദ്യോഗസ്ഥർ നിർബന്ധം പിടിക്കുന്നു എന്നായിരുന്നു വാക്കുകൾ.

അതേസമയം നിർബന്ധിത സംഭാവന, ഹാജര്‍ ഭീഷണി തുടങ്ങിയ ആരോപണങ്ങൾ മുൻസിപ്പൽ അധികൃതർ നിഷേധിച്ചിട്ടുണ്ട്. ജോലിക്കെത്തുന്ന എല്ലാ തൊഴിലാളികളുടെയും ഹാജർ കൃത്യമായി തന്നെ രേഖപ്പെടുത്തുന്നുണ്ടെന്നാണ് മുൻസിപ്പാലിറ്റി എക്സിക്യൂട്ടീവ് ഓഫീസർ ദയാശങ്കർ വർമ്മ അറിയിച്ചത്. ‘സംഭാവന നൽകണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനം ആണ്. സർക്കാർ തലത്തിൽ ഇതുവരെ അത്തരത്തില്‍ സംഭാവനകളൊന്നും ആവശ്യപ്പെട്ടിട്ടില്ല’ ദയാശങ്കർ വ്യക്തമാക്കി.

അതേസമയം അയോധ്യയിലെ ക്ഷേത്രനിർമ്മാണത്തിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്‍തുകകൾ തന്നെ സംഭാവനയായി ലഭിക്കുന്നുണ്ട്. ഈയടുത്ത് സൂറത്തിൽ നിന്നുള്ള ഒരു വജ്രവ്യാപാരി 11 കോടി രൂപയാണ് സംഭാവന നൽകിയത്. വിഎച്ച്പിയും ആർഎസ്എസും ചേർന്ന് രാമക്ഷേത്ര നിർമാണത്തിനായുള്ള ധനസമാഹരണം ആരംഭിച്ച സാഹചര്യത്തിൽ, സൂറത്തിലുള്ള ഗോവിന്ദ്ഭായ് ധൊലാകിയ എന്ന വ്യാപാരി ഗുജറാത്തിലെ വിശ്വഹിന്ദു പരിഷത്തിന്റെ ഓഫീസിലെത്തിയാണ് സംഭാവന നൽകിയത്. ആർഎസ്എസ് സഹയാത്രികൻ കൂടിയാണിയാൾ.

ഗോവിന്ദ്ഭായിക്ക് പുറമേ, ഗുജറാത്തിലെ പല വ്യവസായികളും സംഭാവന നൽകിയിട്ടുണ്ട്. സൂറത്തിൽ തന്നെയുള്ള മഹേഷ് കബൂത്തർവാല എന്നയാൾ അഞ്ച് കോടി രൂപയാണ് സംഭാവന നൽകിയത്. ലൊവേജി ബാദ്ഷാ എന്നയാൾ ഒരു കോടി രൂപയും സംഭാവന നൽകി. രാമക്ഷേത്ര നിര്‍മാണത്തിനായി 5,00,100 രൂപയാണ് പ്രസിഡന്‍റ്​ രാംനാഥ്​ കോവിന്ദ്​ സംഭാവന നൽകിയത്. അതുപോലെ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് 1.11 ലക്ഷം രൂപയും സംഭാവന നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here