രാകേഷ് ടികായത്ത് പങ്കെടുത്ത പരിപാടിക്കിടെ സ്റ്റേജ് തകര്‍ന്നു വീണു

ഹരിയാന: ഭാരതിയ കിസാന്‍ യൂണിയന്‍റെ മഹാപഞ്ചായത്ത് നടക്കുന്നതിനിടെ വേദി തകര്‍ന്നുവീണു. വേദിയിലുണ്ടായിരുന്ന രാകേഷ് ടികായത്ത് അടക്കമുള്ള കര്‍ഷക നേതാക്കള്‍ താഴോട്ട് പതിച്ചു. ഹരിയാനയിലെ ജിന്ദിലാണ് അപകടമുണ്ടായത്.

രാകേഷ് ടികായത് സംസാരിച്ചുകൊണ്ടിരിക്കെയാണ് സ്‌റ്റേജ് തകര്‍ന്നുവീണത്. സ്‌റ്റേജ് തകര്‍ന്നുവീണതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്റ്റേജ് തകര്‍ന്ന് വീഴുന്നത് കണ്ട് നടുങ്ങി കാണികള്‍ ഒന്നാകെ എഴുന്നേറ്റ് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. അമ്പതിനായിരത്തോളം പേരാണ് പഞ്ചായത്തില്‍ പങ്കെടുക്കാനെത്തിയതെന്ന് സംഘാടകര്‍ പറയുന്നു.

എല്ലാവരും കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നായിരുന്നു രാകേഷ് തികായത്ത് മഹാപഞ്ചായത്തില്‍ സംസാരിച്ചത്. നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു.

ഹരിയാന ഖാപ് ആണ് മഹാ പഞ്ചായത്ത് സംഘടിപ്പിച്ചത്. കര്‍ഷക സമരത്തിന്‍റെ തുടര്‍ന്നുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും തീരുമാനിക്കാനും കര്‍ഷകരെ അറിയിക്കാനുമാണ് ഇത്തരം മഹാപഞ്ചായത്തുകള്‍ നടത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരത്തില്‍ നിരവധി കിസാന്‍ പഞ്ചായത്തുകള്‍ ഹരിയാനയിലും ഉത്തര്‍പ്രദേശിലും മറ്റും നടന്നുകൊണ്ടിരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here