ന്യൂഡൽഹി: കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു. മൂന്നു രാജ്യസഭാ സീറ്റുകളിലേക്ക് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളാണ് മരവിപ്പിച്ചത്. കേന്ദ്ര നിയമമന്ത്രാലയത്തിന്റെ ശുപാർശ പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. കേരളത്തിൽ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 12 ന് നടത്താനായിരുന്നു തീരമാനം. വയലാർ രവി, കെ. കെ രാഗേഷ്, അബ്ദുൾ വഹാബ് എന്നിവരുടെ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. മൂന്ന് എം.പിമാരുടേയും കാലാവധി ഏപ്രിൽ 21 ന് അവസാനിക്കും.
കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്സ് എന്ന പേരിൽ ഇന്നത്തെ രാജ്യസഭ നിലവില്‍വന്നത് 1952 ഏപ്രില്‍ മൂന്നിനാണ്. 1952 മെയ് 13ന് പേര് ഹിന്ദിയില്‍ രാജ്യസഭ എന്നാക്കി. ഡോ. എസ് രാധാകൃഷ്ണനായിരുന്നു ആദ്യ അധ്യക്ഷന്‍. എസ് വി കൃഷ്ണമൂര്‍ത്തി റാവു ആദ്യ ഡെപ്യൂട്ടി ചെയര്‍മാനുമായി. ഉപരാഷ്ട്രപതി ചെയര്‍മാനും അംഗങ്ങള്‍ക്കിടയില്‍നിന്ന് തെരഞ്ഞെടുക്കുന്നയാള്‍ വൈസ് ചെയര്‍മാനുമാകുന്നു.
രാജ്യസഭയുടെ പരമാവധി അംഗസംഖ്യ 250 ആണ്. ഇപ്പോള്‍ 245 അംഗങ്ങളാണുള്ളത്. ഇവരില്‍ 233 പേരെ തെരഞ്ഞെടുക്കുകയും 12 പേരെ രാഷ്ട്രപതി നോമിനേറ്റ് ചെയ്യുകയുമാണ്. തെരഞ്ഞെടുക്കുന്നവര്‍ സംസ്ഥാനങ്ങളുടെ പ്രതിനിധികളാണ്. സംസ്ഥാന നിയമസഭാംഗങ്ങള്‍ ഒറ്റ കൈമാറ്റ വോട്ടിലൂടെയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്.
ജനസംഖ്യാ ആനുപാതികമായി ഓരോ സംസ്ഥാനത്തുനിന്നും ഉണ്ടാകേണ്ട അംഗങ്ങളുടെ എണ്ണം ഭരണഘടനയുടെ നാലാം ഷെഡ്യൂളില്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍നിന്നാണ് ഏറ്റവും കൂടുതല്‍ അംഗങ്ങള്‍- 31. കേരളത്തിന് 9 അംഗങ്ങളുണ്ട്. ഡല്‍ഹി (3), പുതുശേരി (1) എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും പ്രാതിനിധ്യമുണ്ട്. ആന്ധ്രപ്രദേശില്‍നിന്ന് തെലങ്കാന വേര്‍പെട്ടപ്പോള്‍ ആന്ധ്രയില്‍നിന്ന് ആകെയുള്ള രാജ്യസഭാംഗങ്ങളടെ എണ്ണവും വിഭജിക്കപ്പെട്ടു.
ആന്ധ്ര- 11, തെലങ്കാന- 7 ,അരുണാചല്‍പ്രദേശ്- 1, അസം- 7, ബിഹാര്‍- 16, ഛത്തീസ്ഗഢ്- 5, ഗോവ- 1, ഗുജറാത്ത്-11, ഹരിയാന- 5, ഹിമാചല്‍പ്രദേശ്- 3, ജമ്മു കശ്മീര്‍- 4, ഝാര്‍ഖണ്ഡ്- 6, കര്‍ണാടകം- 12, മധ്യപ്രദേശ്- 11, മഹാരാഷ്ട്ര- 19, മണിപ്പുര്‍- 1, മേഘാലയ- 1, മിസേറം-1,നാഗാലന്‍ഡ്- 1, ഒറീസ- 10, പഞ്ചാബ്- 7, രാജസ്ഥാന്-10, സിക്കിം- 1, തമിഴ്നാട്- 18, ത്രിപുര- 1, ഉത്തരാഞ്ചല്‍-3, പശ്ചിമ ബംഗാള്‍- 16 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള അംഗങ്ങള്‍.