തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കാനെത്തിയ പോലീസിനു മുന്നില്‍ ആത്മഹത്യാശ്രമം നടത്തവെ പൊളളലേറ്റ് മരിച്ച രാജന്റെയും അമ്ബിളിയുടെയും മക്കള്‍ കളക്ടര്‍ക്ക് പരാതി നല്കി. സംഭവത്തിന് ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും സാമ്ബത്തിക സഹായം ആവശ്യപ്പെട്ടുമാണ് പരാതി. രാജന്റെ മക്കളായ രാഹുല്‍ രാജും, രഞ്ജിത്ത് രാജും പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് ഇന്ന് പ്രാധമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവരുടെ പുനരധിവാസത്തിനും വേണ്ട നടപടികളുടെ പ്രാഥമിക വിവരം റിപ്പോര്‍ട്ടിലുണ്ടാകും.
അതേസമയം കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും ആത്മഹത്യ ചെയ്തതിനും രാജനെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു. അഭിഭാഷക കമ്മീഷന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോലി തടസപ്പെടുത്തിയതിന് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ ചെയ്തതിന് സ്വമേധയാ പൊലീസ് കേസുമെടുത്തു. സംഭവത്തില്‍ പൊലീസിന്റെ വീഴ്ച അന്വേഷിക്കുന്ന തിരുവനന്തപുരം റൂറല്‍ എസ്.പി ഇന്ന് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.
കുട്ടികളെ ഇന്ന് രാവിലെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ സന്ദര്‍ശിച്ചു. അതേ സമയം സംഭവത്തിനു പിന്നിലെ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രാവിലെ 11ന് ഡി.ജി.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് യുവമോര്‍ച്ച അറിയിച്ചു.