ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യസാധനങ്ങള്‍ കിട്ടാതെ പ്രളയബാധിതര്‍ വലയുമ്പോഴും കളക്ഷന്‍ സെന്ററുകളില്‍ തണുപ്പന്‍പ്രതികരണമാണ് ഉണ്ടാകുന്നത്. പൊതുജനങ്ങള്‍ സംഭാവന നല്‍കുന്നതില്‍ പഴയ ആവേശം കാണിക്കാത്തതാണ് ഏവരെയും ഞെട്ടിപ്പിക്കുന്നത്.

കളക്ഷന്‍ സെന്ററുകളില്‍ യുവതീ-യുവാക്കളടക്കം നിരവധിപേര്‍ സന്നദ്ധപ്രവര്‍ത്തനത്തിനും മറ്റും തയ്യാറായി നില്‍പുണ്ടെങ്കിലും പൊതുജനം സാധനങ്ങള്‍ സംഭാവന ചെയ്യുന്നില്ലെന്നതാണ് ദുഃഖകരം. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ 2 ലോറി സാധനങ്ങള്‍ മാത്രമാണ് തലസ്ഥാനത്തുനിന്നും ഇതുവരെ പോകാനായത്.

https://keralarescue.in/relief_camps_list/?district=tvm

2018 -ല്‍ മരുന്നുകളും വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളുമടക്കം കളക്ഷന്‍ സെന്ററുകളിലേക്ക് ഒഴുകിയെത്തിയിരുന്നു. എന്നാലിപ്പോള്‍ അവശ്യവസ്തുക്കള്‍ വരുന്നതും കാത്ത് സംഭരണകേന്ദ്രങ്ങള്‍ കാത്തിരിപ്പാണ്.

നവമാധ്യമങ്ങളില്‍ ഇക്കാര്യം ശ്രദ്ധയില്‍പെടുത്തി കൂട്ടായ്മകള്‍ സഹായം അഭ്യര്‍ത്ഥിക്കുന്നുണ്ട്. കഴിഞ്ഞ തവണ നല്‍കിയ സാധനങ്ങള്‍ യഥാര്‍ത്ഥ ദുരിതബാധിതര്‍ക്ക് പൂര്‍ണ്ണമായും ലഭിച്ചിട്ടില്ലെന്ന പരാതികളാണ് പലകോണുകളില്‍ നിന്ന് ഉയരുന്നത്. കഴിഞ്ഞ തവണ സി.പി.എം. അനുഭാവികളും വനിതാപോലീസുകാരുമടക്കം സാധനങ്ങള്‍ അടിച്ചുമാറ്റിയ വാര്‍ത്ത പുറത്തുവന്നിരുന്നു. ഫ്രീയായി വന്ന സാധനങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ സീല്‍ പതിച്ച സംഭവവും കഴിഞ്ഞ തവണ നാണക്കേടുണ്ടാക്കിയിരുന്നു. ഇത്തരം പ്രശ്‌നങ്ങളാണ് സ്വമേധയാ സാധനങ്ങളെത്തിച്ചിരുന്ന പലരും ചൂണ്ടിക്കാട്ടുന്നത്. എന്നാലിതൊന്നും ഓര്‍ത്തിരിക്കേണ്ട സമയമമല്ലിത്.

കുട്ടികളടക്കം ആയിരങ്ങളാണ് സഹായം പ്രതീക്ഷിച്ച് കഴിയുന്നത്. ഇത്തവണ ഒരു വീഴ്ചയും സംഭവിക്കില്ലെന്ന് അധികൃതര്‍ പറയുന്നുണ്ട്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വിനയായതെന്നും മറ്റുജില്ലയില്‍ നിന്നും സഹായാഭ്യര്‍ത്ഥന ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കലക്ടര്‍ അവധിയില്‍ പോയതുമാണ് ഈ അവസ്ഥയുണ്ടാക്കിയതെന്നും തലസ്ഥാനത്ത് ആരോപണം ഉയരുന്നു. മറ്റു ജില്ലകളിലെയും സ്ഥിതി വ്യത്യസ്തമല്ല.

https://keralarescue.in/relief_camps_list/?district=kol

ദയവായി മടിച്ചുനില്‍ക്കരുത്. നമ്മുടെ സഹായം കാത്ത് ആയിരക്കണക്കിന് കുഞ്ഞുങ്ങടക്കമാണ് ഓരോ ക്യാമ്പിലും കാത്തിരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മരുന്നുകളുമെല്ലാം കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇട്ടിരിക്കുന്ന വസ്ത്രം മാത്രമാണ് മിക്കവരുടെയും കൈയ്യിലുള്ളത്. തലസ്ഥാനത്തിനും കൊല്ലം ജില്ലയ്ക്കും മാത്രമാണ് മറ്റ് 12 ജില്ലക്കാര്‍ക്കും വേണ്ടി ഇത്തരംകാര്യങ്ങള്‍ ചെയ്യാനാകുന്നതെന്നും ഓര്‍ക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here