തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഒമ്പതു ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ 30 റെയില്‍ സര്‍വീസുകള്‍ ദക്ഷിണ റെയില്‍വേ റദ്ദാക്കി. മെയ് എട്ടു മുതല്‍ 16 വരെയാണ് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുനെല്‍വേലി-പാലക്കാട് പാലരുവി, തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ, മംഗലാപുരം-തിരുവനന്തപുരം ഏറനാട്, എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി-എറണാകുളം, മംഗലാപുരം-തിരുവനന്തപുരം, നിസാമുദ്ദീന്‍-തിരുവനന്തപുരം വീക്ക്ലി എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. അവയുടെ തിരിച്ചുള്ള സര്‍വീസുകളും ഉണ്ടായിരിക്കില്ല.
ഇന്നലെ സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല്‍പ്പതിനായിരം കടന്നിരുന്നു. സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്നും നിയന്ത്രണങ്ങള്‍ കൂടുതല്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും വ്യക്തമാക്കിയിരുന്നതാണ്. ഇതിനു പിന്നാലെയാണ് ഒന്‍പത് ദിവസത്തേക്ക് അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ പറ്റിയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 4,12,262 പേര്‍ക്കാണ്. 3,980 പേര് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,10,77,410 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
കഴിഞ്ഞ ദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിരുന്നത് ആശ്വാസം പകര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് റെക്കോര്‍ഡ് വര്‍ധനവുമായി പുതിയ കണക്കുകള്‍ വന്നിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കുന്നു. പുതിയ കോവിഡ് തരംഗം നേരിടാന്‍ എല്ലാവരും സജ്ജരാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കൂടുതല്‍ പകരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ കെ വിജയരാഘവന് പറഞ്ഞു.