മലപ്പുറം കുഴിമണ്ണ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്ന് ചോദ്യപേപ്പര്‍ മോഷണം പോയ സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലടക്കം 4 പേരെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തു. ചോദ്യപേപ്പര്‍ മോഷണം പോയന്ന് കണ്ടെത്തിയതോടെ ശനിയാഴ്ചയും ചൊവ്വാഴ്ചയും നടക്കേണ്ട 2 പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ കൂടി മാറ്റിവച്ചു
മാന്‍ഹോള്‍ വഴി ഓഫീസ് മുറിയിലെത്തിയ കളളന് 3 പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ മോഷ്ടിച്ചുവെന്നാണ് വ്യക്തമാകുന്നത്. ശനിയാഴ്ച നടക്കേണ്ട എക്കണോമിക്സ്, ചൊവ്വാഴ്ച നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷകളുടെ ചോദ്യപേപ്പറുകളും മോഷണം പോയിട്ടുണ്ട്. അക്കൗണ്ട്സ് വിത്ത് എ.എഫ്.സ് ചോദ്യപേപ്പര്‍ നഷ്ടമായതായി പ്രാഥമികമായി വ്യക്തമായതോടെ പരീക്ഷ മാറ്റിയിരുന്നു. ഹയര്‍സെക്കണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ അടക്കമുളള ഉദ്യോഗസ്ഥര്‍ സ്കൂളിലെത്തി രണ്ടാംദിവസവും പരിശോധന നടത്തി.
പരീക്ഷ ചുമതലയുളള ചീഫ് സൂപ്രണ്ടും സ്കൂള്‍ പ്രിന്‍സിപ്പലുമായ ഡി. ഗീത, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരായ ടി. മുഹമ്മദലി, കെ. മെഹറൂഫ്, കാവല്ക്കാരന് ടി. അബ്ദുസമദ് എന്നിവരേയാണ് സസ്പെന്‍ഡ് ചെയ്തത്. ചോദ്യപേപ്പര്‍ സ്വീകരിച്ചതിലും സൂക്ഷിച്ചതിലും ഒൗദ്യോഗിക നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നാണ് കണ്ടെത്തില്‍. മൂന്നര മണിക്കൂറോളം കളളന് ഒാഫീസിനുളളില് കറങ്ങിയെങ്കിലും കാവല്ക്കാരന് വീട്ടില്പോയതുകൊണ്ട് പിറ്റേദിവസമാണ് വിവരമറിഞ്ഞത്