തിരുവനന്തപുരം: സ്കൂള്‍ ഒാഫിസില്‍നിന്ന് ചോദ്യേപപ്പര്‍ മോഷണം പോയ സംഭവത്തില്‍ രണ്ട് പരീക്ഷകള്‍കൂടി മാറ്റിവെച്ചു. ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി/ വി.എച്ച്.എസ്.ഇ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷയില്‍ ശനിയാഴ്ച നടത്താനിരുന്ന ഇക്കണോമിക്സ്, ചൊവ്വാഴ്ച നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷകളാണ് മാറ്റിയത്. വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന അക്കൗണ്ടന്‍സി വിത്ത് എ.എഫ്.എസ് പരീക്ഷ കഴിഞ്ഞദിവസം മാറ്റിയിരുന്നു.
പരീക്ഷകളുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു.മലപ്പുറം കുഴിമണ്ണ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സൂക്ഷിച്ചിരുന്ന ചോദ്യപേപ്പറാണ് മോഷണം പോയത്. മോഷണം പോയവയില്‍ ഇക്കണോമിക്സ്, ഇംഗ്ലീഷ് എന്നിവക്ക് പകരം ചോദ്യേപപ്പറുകള്‍ എത്തിച്ച് പരീക്ഷ നടത്താന്‍ ശ്രമം നടത്തിയിരുന്നു.
എന്നാല്‍, അത് പ്രായോഗികമല്ലെന്ന് കണ്ടാണ് ഇംഗ്ലീഷ്, ഇക്കണോമിക്സ് പരീക്ഷകള്‍കൂടി മാറ്റാന്‍ തീരുമാനിച്ചത്. പ്രിന്‍സിപ്പല്‍ ഒാഫിസിലെ അലമാര കുത്തിത്തുറന്ന് ചോദ്യേപപ്പര്‍ കവര്‍ന്ന സംഭവത്തില്‍ പ്രിന്‍സിപ്പല്‍, രണ്ട് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാര്‍, സ്കൂള്‍ വാച്ച്മാന് എന്നിവരെ കഴിഞ്ഞദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. സ്കൂള്‍ വാച്ച്മാന് സംഭവദിവസം ഡ്യൂട്ടിയിലില്ലായിരുന്നു.