കോവിഡുകാലത്ത് തൊഴില്‍ നഷ്ടം 27 %, രാജ്യത്തെ 81 % തൊഴിലാളികള്‍ക്കും പൂര്‍ണ്ണ ശമ്പളം ലഭിച്ചു

ഡല്‍ഹി: സംഘടിത തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്ന 81 ശതമാനം പേര്‍ക്കും കോവിഡ് കാലത്ത് പൂര്‍ണ്ണ ശമ്പളം ലഭിച്ചിരുന്നുവെന്ന് ലേബര്‍ ബ്യൂറോയുടെ ത്രൈമാസ എംപ്ലോയ്‌മെന്റ് സര്‍വേ റിപ്പോര്‍ട്ട്. പത്തിലേറെ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ട് തൊഴില്‍മന്ത്രി ഭൂപേന്ദര്‍ യാദവാണ് പുറത്തുവിട്ടത്. കോവിഡ് മൂലമുള്ള തൊഴില്‍ നഷ്ടം 27 ശതമാനമാണ്.

ഉല്‍പ്പാദനം, നിര്‍മ്മാണം, വ്യാപാരം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, ഹോട്ടല്‍ റസ്റ്റാറന്റ്, ഐ.ടി-ബി.പി.ഒ, സാമ്പത്തിക സേവനം തുടങ്ങിയ മേഖലകളിലാണ് സര്‍വേ നടന്നത്. ഏപ്രില്‍ ജൂണ്‍ മാസങ്ങളില്‍ നടന്ന സര്‍വെയ്ക്ക് കോവിഡിന്റെ രണ്ടാം വരവ് സര്‍വേയെ ബാധിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

2013-14ലെ സാമ്പത്തിക സെന്‍സസിനെ അപേക്ഷിച്ച് തൊഴിലുകളില്‍ 29 ശതമാനം വര്‍ധനയുണ്ടായെന്നാണ് കണ്ടെത്തല്‍. ഐ.ടി ബി.പി.ഒ മേഖലയില്‍ 152 ശതമാനം വര്‍ദ്ധനയാണ്. ആരോഗ്യ മേഖലയില്‍ 77 ശതമാനവും സാമ്പത്തിക സേവന മേഖലയില്‍ 48 ശതമാനവും വിദ്യാഭ്യാസം 39, ഉല്‍പ്പാദനം 22, ഗതാഗതം 68, നിര്‍മ്മാണം 42 ശതമാനവും വര്‍ദ്ധനയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

സംഘടിതമേഖലയിലെ തൊഴിലവസരം 2.31 കോടിയില്‍ (2013-14) നിന്നു 3.08 കോടിയായി ഉയര്‍ന്നു. വ്യാപാരമേഖലയില്‍ 25 ശതമാനവും ഹോട്ടല്‍ റെസ്റ്റാറന്റ് മേഖലയില്‍ 13 ശതമനവും തൊഴിലുകള്‍ കുറഞ്ഞു. സ്ത്രീകളുടെ ജോലി നിരക്ക് 31 ശതമാനത്തില്‍ നിന്നു 29 ശതമാനമായി.

81 ശതമാനം ജീവനക്കാര്‍ക്കും മുഴുവന്‍ ശമ്പളം ലഭിച്ചു(2020 മാര്‍ച്ച്, ഏപ്രില്‍, ജൂണ്‍). ശമ്പളം നഷ്ടപ്പെട്ടവര്‍ മൂന്നു ശതമാനവും വെട്ടിക്കുറച്ചവര്‍ 16 ശതമാനവുമാണ്. ആരോഗ്യ സാമ്പത്തിക മേഖലയില്‍ 90 ശതമാനം പേര്‍ക്കും ശമ്പള നഷ്ടം ഉണ്ടായിട്ടില്ലെന്ന് റിപ്പോട്ട് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here