40 സൈനികരുടെ ജീവനെടുത്ത ഭീകാരക്രമണത്തിന് രണ്ട് വർഷം; രക്തസാക്ഷികൾക്ക് ആദരം

നാൽപ്പത് സൈനികരുടെ ജീവനെടുത്ത പുൽവാല ഭീകരാക്രമണത്തിന് ഇന്ന് രണ്ട് വർഷം തികയുകയാണ്. 2019 ഫെബ്രുവരി 14 നാണ് രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം അരങ്ങേറിയത്. തീവ്രശേഷിയുള്ള സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്കുമായെത്തിയ ചാവേർ, സുരക്ഷാ സൈനികരുടെ വാഹനവ്യൂഹത്തിലേക്ക് അത് ഇടിച്ചു കയറ്റുകയായിരുന്നു. 22 കാരനായ ചാവേർ നടത്തിയ ആക്രമണത്തിൽ സെൻ‌ട്രൽ റിസർവ് പോലീസ് സേനയിലെ (സി‌ആർ‌പി‌എഫ്) നാൽപ്പത് സൈനികർക്കാണ് ജീവന്‍ നഷ്ടമായത്. കലാപമേഖലയായ കശ്മീർ താഴ്വര മുപ്പത് വർഷത്തിനിടെ സാക്ഷ്യം വഹിച്ച് ഏറ്റവും ഏറ്റവും വലിയ ഭീകരാക്രമണം കൂടിയായിരുന്നു ഇത്.

ആക്രമണം നടന്ന് ദിവസങ്ങൾക്ക് ശേഷം പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ജയ്ഷ് ഇ മുഹമ്മദ് (ജെ‌ഇഎം) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 2018 ൽ തീവ്രവാദ സംഘടനയിൽ ചേർന്ന ആദിൽ അഹ്മദ് ദാറാണ് ചാവേറായെത്തിയതെന്ന് പൊലീസ് തിരിച്ചറിയുകയും ചെയ്തു.

തങ്ങളുടെ ധീര സൈനികരുടെ രക്തസാക്ഷിത്വം വെറുതെയാകാൻ രാജ്യം അനുവദിച്ചില്ല. പുൽവാമ ആക്രമണം നടന്ന് പന്ത്രണ്ട് ദിവസങ്ങൾ പിന്നിട്ട് ഫെബ്രുവരി 26 ന് ഇന്ത്യ തിരിച്ചടിച്ചു. പാക് അതിർത്തി കടന്ന് ബലാക്കോട്ടിലെ ഖൈബർ പഖ്തുൻഖ്വാവയിൽ ഇന്ത്യൻ വ്യോമസേന ജെറ്റുകൾ ബോംബാക്രമണം നടത്തി. പ്രദേശത്തെ ജെയ്ഷ് ഇ മുഹമ്മദ് ക്യാമ്പുകൾ തകർത്തു കൊണ്ടായിരുന്നു ഇന്ത്യയുടെ പ്രതികാരം. ഇതിന് പുറമെ ജയ്ഷെ മേധാവി ആഗോള തീവ്രവാദ പട്ടികയിൽ പെടുത്താനുള്ള വിപുലമായ നയതന്ത്ര ശ്രമങ്ങളും ഇന്ത്യ നടത്തി. ഇതിന്‍റെ ഫലമായി 2019 മെയ് 1 യുഎൻ സെക്യൂരിറ്റി കൗൺസിൽ മസൂദിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.

നാൽപ്പത് ജവാന്മാരുടെ രക്തസാക്ഷിത്വത്തിന്‍റെ രണ്ടാം വാർഷികത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം നിരവധി പ്രമുഖരാണ് ആദരം അർപ്പിച്ച് പ്രതികരിച്ചിരിക്കുന്നത്. ‘2019ൽ ഇതേ ദിവസം പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായ ധീരരക്തസാക്ഷികളെ നമിക്കുന്നു. അവരുടെ അസാധാരണമായ ധൈര്യവും പരമമായ ത്യാഗവും ഇന്ത്യ ഒരിക്കലും മറക്കില്ല’. അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യൻ സൈനികരുടെ ധൈര്യത്തിനും കോൺഗ്രസും ആദരം അർപ്പിച്ചിട്ടുണ്ട്. ‘കൃത്യം 2 വർഷം മുമ്പ്, ഭിന്നിപ്പും അക്രമവും വിദ്വേഷവും നിറഞ്ഞ ചില ശക്തികൾ പുൽവാമയില്‍ വച്ച് ഞങ്ങളുടെ ധീരരായ 40 ജവാൻമാരെ അപഹരിച്ചു. ഇന്ന് ഞങ്ങൾ ഈ രക്തസാക്ഷികളെ ബഹുമാനിക്കുകയും അവരുടെ ധീരതയ്ക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്തെ സംരക്ഷിക്കാൻ അവർ പരിശ്രമിക്കുമ്പോൾ ധീരരായ ഓരോ ജവാനും ഒപ്പം നിൽക്കേണ്ടത് നമ്മുടെയെല്ലാവരുടെയും കടമയാണ്. ജയ് ഹിന്ദ്’. കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

പുൽവാമ ആക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച രാജ്യത്തെ ധീരരായ സൈനികരുടെ രക്തസാക്ഷിത്വത്തിന് അഭിവാദ്യം അർപ്പിക്കുക, അവരുടെ ധൈര്യത്തിനും ത്യാഗത്തിനും ഈ രാജ്യക്കാരായ നമ്മളെല്ലാവരും അവരോട് കടപ്പെട്ടിരിക്കുന്നു’ എന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here