തിരുവനന്തപുരം: അനധികൃത നിയമനങ്ങള്‍ക്കും കൂട്ട സ്ഥിരപ്പെടുത്തലിനും മന്ത്രി സഭായോഗം പച്ചക്കൊടി കാട്ടിയതോടെ സെക്രട്ടേറിയറ്റ് പടക്കളമായി മാറി. വിവിധ പിഎസ്സി റാങ്ക് ലിസ്റ്റുകളിലുള്ള ഉദ്യോഗാര്‍ഥികളുടെ സെക്രട്ടേറിയറ്റിന് മുന്പിലെ സമരം സര്‍ക്കാരിന്റെ പുതിയ നീക്കത്തോടെ കൂടുതല്‍ പ്രക്ഷുബ്ദമായി.
വിവിധ വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങള്‍ ഉദ്യോഗാര്‍ഥികളുടെ സമരത്തിന് പിന്തുണമായി സെക്രട്ടേറിയറ്റിന് മുന്പില് എത്തുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. സെക്രട്ടേറിയറ്റിന് ഉള്ളിലേയ്്ക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലിസ് ബലം പ്രയോഗിച്ച് നീക്കി.
10 വര്‍ഷം പൂര്‍ത്തിയാക്കിയ താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. അതോടൊപ്പം ഏകാധ്യാപരെയും സ്ഥിരപ്പെടുത്താന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. സമരക്കാരോടുള്ള സര്‍ക്കാര്‍ നിലപാട് അനുകൂലമല്ലെന്ന് മന്ത്രി സഭാ തീരുമാനത്തോടെ വ്യക്തമായി. ഇതോടെ ഉദ്യോഗാര്‍ഥികളുടെ സമരം കൂടുതല്‍ പ്രക്ഷുബ്ദമായി. കനത്ത ഉച്ചവെയിലിനെ അവഗണിച്ച് റോഡില്‍ കിടന്ന് വനിതാ ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെടെ പ്രതിഷേധമുയര്‍ത്തി.
നേരത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് എന്നിവര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരക്കാരെ സന്ദര്‍ശിച്ചിരുന്നു. സമരം കൂടുതല്‍ ശക്തിപ്പെടുമ്ബോഴും സര്‍ക്കാര്‍ സമരം അനാവശ്യമെന്ന നിലാപാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടാഴ്ചയായി നടക്കുന്ന ഉദ്യോഗാര്‍ഥികളുടെ സമരത്തിന് പ്രതിപക്ഷ സംഘടനകളുടെ പിന്തുണ ലഭിച്ചതോടെ സമരം കൂടുതല്‍ സജീവമാവുകയായിരുന്നു. ഉദ്യോഗാര്‍ഥികള്‍ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് ആത്മാഹുതിക്ക് ശ്രമിച്ചതോടെയാണ് സമരം ശ്രദ്ധിക്കപ്പെട്ടത്.