പൗരത്വനിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധം റിപ്പോര്‍ട്ടു ചെയ്യുകയായിരുന്ന മലയാളി മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ മംഗളൂരുവില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ പ്രതിഷേധം രൂക്ഷമായി തുടരുകയാണ്. ബീഹാറില്‍ ശനിയാഴ്ച ആര്‍.ജെ.ഡി ബന്ദിന് ആഹ്വാനം ചെയ്തു.

വെന്റ് ലോക്ക് ആശുപത്രിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ റിപ്പോര്‍ട്ടര്‍മാരെയും കാമറാമാന്‍മാരെയുമാണ് കസറ്റഡിയിലെടുത്തിട്ടുളളത്. സിറ്റി പോലീസ് കമ്മിഷണര്‍ ഡോ.പി.എസ്. ഹര്‍ഷയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റേതാണ് നടപടി. മംഗളൂരുവിലെ സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതു തടയാനുള്ള നടപടിയുടെ ഭാഗമാണ് കസ്റ്റഡിയെന്നാണ് സൂചന. കര്‍ഫ്യൂ മാധ്യമ പ്രവര്‍ത്തകര്‍ക്കും ബാധകമാണെന്ന് പോലീസ് പറഞ്ഞു.

മംഗളൂരുവില്‍ കര്‍ഫ്യൂ തുടരുകയാണ്. ഇവിടങ്ങളില്‍ ഇന്റര്‍നെറ്റിനടക്കം നിയന്ത്രണമുണ്ട്. അക്രമങ്ങളില്‍ മലയാളികള്‍ക്കെതിരെ ആരോപണവുമായി കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്തെത്തി. കേരളത്തില്‍ നിന്നു വന്നവരാണ് അക്രമത്തിനു പിന്നിലെന്നും പോലീസ് സ്‌റ്റേഷന്‍ തീയിടാന്‍ ശ്രമിച്ചതെന്നും അദ്ദേഹം ഡല്‍ഹിയില്‍ ആരോപിച്ചു.

പ്രതിഷേധത്തെ തുടര്‍ന്ന് യു.പിയില്‍ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചു. മധ്യപ്രദേശിലെ 44 സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, പ്രതിഷേധം ശക്തിപ്പെടുത്താന്‍ ജാമിയ മില്ലിയയിലെ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചു.

സംസ്ഥാനത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളിലാണ് പോലീസിന് ജാഗ്രതാ നിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here