ന്യൂഡല്‍ഹി: വിവാഹത്തിന് സ്ത്രീകളുടെ കുറഞ്ഞ പ്രായപരിധി 18 വയസ്സില്‍നിന്ന് 21 വയസ്സ് ആക്കും. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, ജനസംഖ്യാ നിയന്ത്രണം, സ്ത്രീ-പുരുഷ സമത്വം തുടങ്ങിയവ ഉദ്ദേശിച്ച് ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 23നു അവസാനിക്കുന്ന, പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍തന്നെ നിയമഭേദഗതി അവതരിപ്പിക്കാനാണ് ശ്രമമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

പ്രായപരിധി ഉയര്‍ത്താന്‍ ബാല വിവാഹ നിരോധന നിയമത്തിലാവും പ്രധാന ഭേദഗതി വരുത്തുക. ഒപ്പം ചില വ്യക്തിനിയമങ്ങളിലും ഉചിതമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയേക്കും. സ്ത്രീകളുടെ വിവാഹപ്രായപരിധി പരിഷ്‌കരിക്കാനും സ്ത്രീശാക്തീകരണത്തിനും ജയ ജയ്റ്റ്‌ലി അധ്യക്ഷയായ കര്‍മ സമിതി നല്‍കിയ ശുപാര്‍ശ പ്രകാരമാണ് തീരുമാനം.

ബ്രിട്ടിഷ് ഭരണകാലത്ത് 1929 സെപ്റ്റംബര്‍ 28നു പാസാക്കിയ, ശാരദ നിയമമെന്ന് അറിയപ്പെടുന്ന, ബാല വിവാഹ നിയന്ത്രണ നിയമപ്രകാരം പെണ്‍കുട്ടികള്‍ക്കു 14 വയസ്സ്, ആണ്‍കുട്ടികള്‍ക്ക് 18 എന്നിങ്ങനെയായിരുന്നു വിവാഹപ്രായം. സെന്‍ട്രല്‍ ലെജിസ്ലേറ്റിവ് അസംബ്ലിയില്‍ ബില്‍ അവതരിപ്പിച്ചത് മുന്‍ ജഡ്ജി ഹര്‍ ബിലാസ് ശാരദയായിരുന്നു. 1978 ല്‍ ശാരദ നിയമം ഭേദഗതി ചെയ്തു. പെണ്‍കുട്ടികള്‍ക്ക് 18 വയസ്സ്, പുരുഷന്‍മാര്‍ക്ക് 21 എന്നിങ്ങനെയാക്കി. ശാരദ നിയമത്തിനു പകരമായി ബാല വിവാഹ നിരോധന നിയമം 2006 ല്‍ കൊണ്ടുവന്നെങ്കിലും പ്രായപരിധിയില്‍ മാറ്റം വരുത്തിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here