ന്യൂഡൽഹി: കൊറോണ വാക്സിന്റെ വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലെ വാക്‌സിൻ നിർമ്മാണ സ്ഥാപനങ്ങൾ സന്ദർശിക്കും. അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാർക്കിലും ഹൈദരാബാദിലെ ഭാരത് ബയോടെക് ലാബിലും പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിലുമാണ് പ്രധാനമന്ത്രി ഇന്ന് സന്ദർശനം നടത്തുന്നത്. വാക്‌സിൻ വികസന പുരോഗതികൾ അവലോകനം ചെയ്യാനാണ് അദ്ദേഹം ലാബുകളിലെത്തുന്നത്.

ആദ്യം സൈഡസ് ബയോടെക് പാർക്കിലാണ് നരേന്ദ്ര മോദി എത്തുന്നത്. രാവിലെ അഹമ്മദാബാദിലെത്തുന്ന അദ്ദേഹം സൈഡസ് കാഡിയ ഫാർമസ്യൂട്ടിക്കൽസ് കമ്പനിയുടെ വാക്സിൻ പരീക്ഷണങ്ങളെ കുറിച്ച് അവലോകനം ചെയ്യും. പിന്നീട് ഉച്ചയോടെ അദ്ദേഹം പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തും

ബ്രിട്ടീഷ് മരുന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രാ സെനേകയും, ഒക്‌സ്ഫഡ് സർവ്വകലാശാലയും സംയുക്തമായി വികസിപ്പിക്കുന്ന കൊവീഷീൽഡ് വാക്സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തും. നിലവിൽ കൊവിഷീൽഡിന്റെ അന്തിമ ഘട്ട പരീക്ഷണമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ പുരോഗമിക്കുന്നത്.

ഉച്ചയ്ക്ക് ശേഷം ഹൈദരാബാദിലെ ഭാരത് ബയോടെക് ലാബിൽ എത്തുന്ന അദ്ദേഹം കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളെ കുറിച്ചുള്ള വിവരം അവലോകനം ചെയ്യും. ഗവേഷകരുമായുള്ള ചർച്ചയ്ക്ക് ശേഷം വൈകുന്നേരത്തോടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here