ഡല്‍ഹി: രാജ്യത്ത് ലോക്ഡൗണ്‍ നീട്ടി. ഇളവുകളില്ലാതെ മേയ് മൂന്നു വരെ ലോക്ഡൗണ്‍ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അറിയിച്ചു. ഹോട്ട്‌സ്‌പോട്ടുകളില്‍ അതീവ ജാഗ്രത പാലിക്കണം. ഏപ്രില്‍ 20 വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. ജനങ്ങള്‍ സഹകരിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

അടുത്ത ആഴ്ച ഏറെ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. നാളെ മുതല്‍ ഒരാഴ്ചക്കാലം കര്‍ശന നിയന്ത്രണം നടപ്പാക്കും. നിയന്ത്രണങ്ങള്‍ എത്ര കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഏപ്രില്‍ 20 വരെ സൂക്ഷ്മമായി നിരീക്ഷിക്കും. ഇരുപതിനുശേഷം സാഹചര്യം വിലയിരുത്തി ചില ഇളവുകള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ടാകാത്ത സംസ്ഥാനങ്ങള്‍ക്ക് ഉപാധികളോടെ ഇളവുകള്‍ അനുവദിക്കാന്‍ അനുമതി നല്‍കും. സ്ഥിതി മോശമായാല്‍ വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്ന മുന്നറിയിപ്പും പ്രധാനമന്ത്രി നല്‍കി. നിയന്ത്രണങ്ങള്‍ സംബന്ധിച്ച രൂപരേഖ ബുധനാഴ്ച പുറത്തിറങ്ങും.

കൊറോണയ്ക്ക് എതിരായി നാം നടത്തുന്ന യുദ്ധം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഇതുവരെ പോരാട്ടം ഫലപ്രദമായിരുന്നു. ഏറെ ത്യാഗം സഹിക്കേണ്ടിവന്ന ജനങ്ങളെ നമിക്കുന്നുവെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഏഴു നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.

  • 1) മുതിര്‍ന്ന പൗരന്മാരെ സഹായിക്കുക.
  • 2)ലോക്ക്ഡൗണ്‍ ചട്ടം മാനിക്കുക
  • 3) രോഗപ്രതിരോധം ശക്തമാക്കുക
  • 4) ആരോഗ്യസേതു ആപ് ഉപയോഗിക്കുക.
  • 5) പാവങ്ങളെ സഹായിക്കുക
  • 6) തൊഴിലാളികളെ സഹായിക്കുക, അവരെ പുറത്താക്കരുത്
  • 7) കൊറോണയ്‌ക്കെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here