ഇന്ന് നേതാജിയുടെ 125-ാം ജന്മവാ‍ര്‍ഷികം; പരാക്രം ദിവസ് ആഘോഷങ്ങൾക്കായി പ്രധാനമന്ത്രി ബംഗാളിൽ

ഡൽഹി: സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്ര ബോസിൻ്റെ 125-ാം ജന്മവാര്‍ഷികമാണ് ജനുവരി 23ന്. ഇന്ന് പശ്ചിമ ബംഗാളിൽ നടക്കുന്ന പരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് അദ്ദേഹത്തിൻ്റെ ഓഫീസ് സ്ഥിരീകരിച്ചു. കൊൽക്കത്തയിലെത്തുന്ന പ്രധാനമന്ത്രി പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കും.

കഴിഞ്ഞ ദിവസമാണ് സുഭാഷ് ചന്ദ്ര ബോസിൻ്റെ ജന്മദിനമായ ജനുവരി 23 പരാക്രം ദിവസ് ആയി ആചരിക്കാൻ കേന്ദ്രസര‍്ക്കാര്‍ തീരുമാനിച്ചത്. അദ്ദേഹത്തിൻ്റെ രാജ്യസ്നേഹവും ആത്മാര്‍പ്പണവും സേവനസന്നദ്ധതയും ഓര്‍മിക്കാനാണ് പരാക്രം ദിവസ് ആഘോഷങ്ങള്‍. ഡൽഹിയിലെ ചെങ്കോട്ടയിൽ നിര്‍മിക്കുന്ന സുഭാഷ് ചന്ദ്രബോസ് സ്മാരകത്തിൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

1897 ജനുവരി 23നായിരുന്നു നേതാജിയുടെ ജനനം. ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു ഗാന്ധിജി ഉള്‍പ്പെടെയുള്ള പല നേതാക്കളെയും പോലെ നേതാജിയുടയും ലക്ഷ്യം. എന്നാൽ സമാധാനപരമായ സമരത്തിലൂടെ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയെടുക്കാൻ കഴിയില്ല എന്നായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. ഇതിനായി തീവ്രസ്വഭാവമുള്ള ആശയങ്ങള്‍ കൈക്കൊണ്ട അദ്ദേഹം ഇന്ത്യൻ നാഷണൽ ആര്‍മി രൂപീകരിച്ച് രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി പ്രയത്നിച്ചു. സ്വാതന്ത്ര്യം തനിയെ കിട്ടുന്നതല്ല, അത് പിടിച്ചു വാങ്ങുന്നതാണ്” എന്നായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. അതേസമയം, അദ്ദേഹത്തിൻ്റെ മരണം ഇന്നും ഒരു ചോദ്യചിഹ്നമായി തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here