ന്യൂഡല്‍ഹി: ഉജ്ജ്വല വിജയത്തോടെ കേരളത്തിൽ ഭരണത്തുടർച്ച ഉറപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുമുന്നണിയെയും അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘തെരഞ്ഞെടുപ്പില്‍ വിജയിച്ച പിണറായി വിജയനും എല്‍ഡിഎഫിനും അഭിനന്ദനങ്ങള്‍ കോവിഡിനെ നേരിടുന്നതില്‍ ഉള്‍പ്പെടെ തുടർന്നും ഒന്നിച്ച്‌ പ്രവര്‍ത്തിക്കും. കേരളത്തില്‍ ബി.ജെ.പിയെ പിന്തുണച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതു തരംഗം ആഞ്ഞടിച്ചപ്പോൾ തകർപ്പൻ വിജയത്തോടെ എൽഡിഎഫ് അധികാരം നിലനിർത്തി. 140 മണ്ഡലങ്ങളില്‍ 99 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയം നേടിയപ്പോൾ യുഡിഎഫ് 41 സീറ്റുകളില്‍ യുഡിഎഫ് ജയിച്ചു. അതേസമയം കഴിഞ്ഞ തവണ ഒരു സീറ്റ് ഉണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ ഒരിടത്തും ജയിക്കാനായില്ല. മൂന്നു സീറ്റുകളില്‍ ശക്തമായ മത്സരം കാഴ്ചവെക്കാൻ ബിജെപിക്ക് സാധിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ, കേരളത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം മട്ടന്നൂരിൽ മത്സരിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്ക്. 60963 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശൈലജ ടീച്ചർ യുഡിഎഫ് സ്ഥാനാർഥി ഇല്ലിക്കൽ അഗസ്തിയെ തോൽപ്പിച്ചത്. അതേസമയം സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം പെരിന്തൽമണ്ണയിലാണ്. ഇവിടെ യുഡിഎഫ് സ്ഥാനാർഥി മുസ്ലീം ലീഗിലെ നജീബ് കാന്തപുരം 38 വോട്ടുകൾക്കാണ് വിജയിച്ചത്. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ. പി മുസ്തഫയെയാണ് നജീബ് കാന്തപുരം തോൽപ്പിച്ചത്.

ഉയർന്ന ഭൂരിപക്ഷത്തിന്‍റെ കാര്യത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് പിന്നിൽ രണ്ടാമതുള്ളത് മുഖ്യമന്ത്രി പിണറായി വിജയൻ ആണ്. കോൺഗ്രസിലെ സി രഘുനാഥിനെതിരെ 50123 വോട്ടുകൾക്കാണ് പിണറായി വിജയന്‍റെ ജയം. കഴിഞ്ഞ തവണ 36905 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയൻ നിയമസഭയിൽ എത്തിയത്. കണ്ണൂർ ജില്ലയിലെ പയ്യൂന്നൂരിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഭൂരിപക്ഷം. ഇവിടെ മത്സരിച്ച വി എ മദുസൂദനൻ 49780 വോട്ടുകൾക്കാണ് ജയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here