ബഹ്‌റൈന്‍: ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, ഐ.ടി മേഖലകള്‍ ഉള്‍പ്പെടെ ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ളത് സുദൃഢ ബന്ധമാണെന്നും ഇന്ത്യന്‍ സമൂഹം ബഹ്‌റൈന്റെ സാമ്പത്തിക രംഗത്തെ നട്ടെല്ലായി മാറിയെന്നും കേന്ദ പ്രവാസികാര്യമന്ത്രി വി.മുരളീധരന്‍. ഇന്ത്യാക്കാരുടെ അര്‍പ്പണബോധവും കഠിനാധ്വാനവും പ്രൊഫഷണലിസവും ഒന്നു കൊണ്ട് മാത്രമാണ് ഈ അഭിമാനകരമായ നേട്ടത്തിന് പിന്നിലുള്ളതെന്നും പ്രവാസി വ്യവസായി കെ.ജി.ബാബുരാജന് പ്രവാസി ഭാരതീയ സമ്മാന്‍ – 2021 സമ്മാനിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ബഹ്‌റൈനിലെ ഗള്‍ഫ് ഹോട്ടലില്‍ ഇന്ത്യന്‍ എംബസിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. 2019 -ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനത്തോടു കൂടി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഏറെ മെച്ചപ്പെട്ടു. ഇത് ഇരു രാജ്യങ്ങളും തമ്മിലെ വളര്‍ച്ചയ്ക്കും സഹകരണത്തിനും വഴിതെളിച്ചുവെന്നും വി.മുരളീധരന്‍ പറഞ്ഞു. കോവിഡ് – 19 മഹാമാരിയെ തുടര്‍ന്ന് വാക്‌സിന്‍ വിതരണമുള്‍പ്പെടെ ആരോഗ്യമേഖലയില്‍ ബഹ്‌റൈനുമായി ഇന്ത്യ മികച്ച ബന്ധം പുലര്‍ത്തി വരുന്നതായും ഡിഫന്‍സ്, സ്‌പേസ്, വിദ്യാഭ്യാസ മേഖലകളിലും ഈ സഹകരണം ഊട്ടിയുറപ്പിച്ചതായും കേന്ദ്ര മന്ത്രി വെളിപ്പെടുത്തി.

സാമ്പത്തികമായി മാത്രമല്ല, ധാര്‍മ്മികമായും സാമൂഹികമായിപ്പോലും പാവപ്പെട്ടവരെ സഹായിക്കാന്‍ നമുക്ക് കഴിയണമെന്നും അശരണരെയും ആലംബഹീനരെയും സഹായിക്കാന്‍ തന്റെ ബാല്യകാലത്തെ അനുഭവങ്ങളാണ് പ്രേരണയായെതന്നും ബഹ്റൈനിലെ പ്രമുഖ വ്യവസായിയും സാമൂഹ്യ സേവനത്തിനുള്ള രാഷ്ട്രപതിയുടെ 2021-ലെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌ക്കാര ജേതാവുമായ കെ.ജി.ബാബുരാജന്‍ തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. വൈദ്യുതിയും പൈപ്പുലൈനും എത്താത്ത തിരുവല്ലയിലെ കുറ്റൂര്‍ ഗ്രാമത്തില്‍ ജനിച്ച താന്‍ മണ്ണെണ്ണ വിളക്കിന്റെ ചുവട്ടിലിരുന്ന് പഠിച്ചാണ് ഇതുവരെ എത്തിയതെന്നും ബഹ്‌റൈന്റെ നിര്‍മ്മാണ – പുരോഗമന പ്രക്രിയയില്‍ പങ്കാളിയാകാന്‍ സാധിച്ചത് ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണെന്നും കെ.ജി.ബാബുരാജന്‍ പറഞ്ഞു. വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് നടത്തി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് ഏറ്റവും കൂടുതല്‍ സംതൃപ്തി നല്‍കുന്നത് ശിവഗിരി മഠം സന്യാസിമാര്‍ക്കൊപ്പം നിത്യേന മഠത്തിലെത്തുന്ന നൂറു കണക്കിന് ഭക്തര്‍ക്ക് അന്നദാനം നല്‍കാന്‍ സാധിക്കുന്നതാണ്. ശിവഗിരിയിലെ സന്യാസി ശ്രേഷ്ഠരുടെ നിസ്വാര്‍ത്ഥവും എളിമ നിറഞ്ഞതും ആര്‍ഭാടരഹിതവുമായ സാമൂഹ്യ സേവനമാണ് തന്റെ ജീവിതത്തില്‍ ഏറെ സ്വാധീനിച്ചിട്ടുള്ളത്. ബാബുരാജന്‍ പറഞ്ഞു.

കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി ആംബുലന്‍സ് നല്‍കാന്‍ കഴിഞ്ഞതും ബഹ്‌റൈനിലും ഇന്ത്യയിലുമുള്ള നിര്‍ധനരായ ആയിരങ്ങള്‍ക്ക് വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം ചെയ്യാനും തനിക്ക് സാധിക്കുന്നുണ്ട്. ഈ പുരസ്‌ക്കാരം ശിവഗിരി മഠത്തിനും പൊതു സമൂഹത്തിനും ബഹ്‌റൈനിലെ സമാജങ്ങള്‍ക്കും ക്ലബ്ബുകള്‍ക്കും വിശിഷ്യാ ഇന്ത്യയിലും ബഹ്‌റൈനിലും കോവിഡിനെതിരെ സേവനം നടത്തുന്ന മെഡിക്കല്‍-പാര മെഡിക്കല്‍ മുന്‍നിര പോരാളികള്‍ക്ക് സമര്‍പ്പിക്കുന്നു എന്നും ബാബുരാജന്‍ പറഞ്ഞു. കോവിഡ്- 19 പശ്ചാത്തലത്തില്‍ രാഷ്ട്രപതി ഭവനില്‍ നടക്കേണ്ടിയിരുന്ന ചടങ്ങ് ഇക്കുറി ബഹ്‌റൈനിലെ ഗള്‍ഫ് ഹോട്ടലിലാണ് നടന്നത്.

പ്രവാസികള്‍ക്ക് ഭാരതസര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സിവിലിയന്‍ പുരസ്‌കാരമാണ് പ്രവാസി ഭാരതീയ സമ്മാന്‍. ഇന്ത്യന്‍ സമൂഹത്തിന് നല്‍കിയ സമഗ്ര സംഭാവനകളും സാമൂഹിക പ്രതിബദ്ധതയും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് കെ.ജി.ബാബുരാജന് പുരസ്‌ക്കാരം. ബഹ്റൈനിലും ഖത്തറിലുമായി പരന്നു കിടക്കുന്ന ഖത്തര്‍ എഞ്ചിനീയറിംഗ് ലാബ് (QEL), QPCC, ബഹ്‌റൈന്‍, മറ്റ് ജി.സി.സി സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ.ജി.ബാബുരാജന്‍ ശിവഗിരി മഠം തീര്‍ത്ഥാടന കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ്. പുരസ്‌കാര ചടങ്ങില്‍ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി തൗഫീക് അഹമ്മദ് അല്‍ മന്‍സൂര്‍, ഇന്ത്യന്‍ അംബാസിഡര്‍ പീയൂഷ് ശ്രീവാസ്തവ, ബഹ്റൈന്‍ ഷൂറ കൗണ്‍സില്‍ അംഗങ്ങള്‍, ഇന്ത്യന്‍ സമൂഹം പ്രതിനിധികള്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here