പാലക്കാട്: മന്ത്രി എ.കെ ബാലനെതിരെ പാലക്കാട് നഗരത്തില്‍ പോസ്റ്റര്‍ പ്രതിഷേധം. മന്ത്രിയുടെ ഭാര്യ ഡോ. പി. കെ ജമീലയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതിനെതിരെയാണ് പ്രതിഷേധം. തരൂര്‍ മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ അനുവദിക്കരുതെന്ന് പോസ്റ്ററില്‍ പറയുന്നു. എ കെ ബാലന്‍്റെ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. സേവ് കമ്മ്യൂണിസം എന്ന പേരിലാണ് പോസ്റ്റര്‍.
മന്ത്രിയുടെ വീടിന് മുന്നിലും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിന് മുന്നിലുമാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കുമെന്ന് പോസ്റ്ററില്‍ പറയുന്നു. അധികാരമില്ലാതെ പറ്റില്ലെന്ന ചിന്താഗതി എല്‍ഡിഎഫ് തുടര്‍ഭരണം ഇല്ലാതാക്കും. രാഷ്ട്രീയത്തിലെ കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു.
തരൂരില്‍ ഡോക്ടര്‍ ജമീല സ്ഥാനാര്‍ത്ഥിയാവുന്നതിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം ഉണ്ടായിരുന്നു. ഇന്നുച്ചയ്ക്ക് ജില്ലാ സെക്രട്ടറിയേറ്റ് ചേരാനിരിക്കെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെടുന്നത്. കുടുംബവാഴ്ചക്കെതിരെ നിരന്തരം നിലപാടെടുക്കുന്ന പാര്‍ട്ടി ഇത്തരമൊരു തീരുമാനത്തില്‍ എത്തരുതായിരുന്നുവെന്നാണ് അണികളില്‍ നിന്നുള്‍പ്പെടെ ഉയരുന്ന അഭിപ്രായം. ജമീലയെ കെട്ടിയിറക്കുന്നത് പാര്‍ട്ടിക്ക് മണ്ഡലത്തില്‍ ദോഷം ചെയ്യുമെന്ന് തരൂരില്‍ പാര്‍ട്ടിക്കകത്തും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
സിപിഐഎം സംസ്ഥാന സമിതിയാണ് എ.കെ.ബാലന് പകരം ഭാര്യ ഡോ.പി.കെ ജമീലയെ മത്സരിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് സംസ്ഥാന സമിതി വിലയിരുത്തല്‍.
അതേ സമയം ഇത് മണ്ഡലത്തില്‍ തിരിച്ചടിയാകുമെന്ന് പ്രദേശിക നേതൃത്വം വിലയിരുത്തുന്നു. പ്രാഥമിക ചര്‍ച്ചയില്‍ ആരുടെ പേര് വേണമെങ്കിലും വരാമെന്നും ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച പ്രചരണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി ബാലന് അടുത്ത ദിവസങ്ങളില്‍ പറഞ്ഞിരുന്നു.
2016ല്‍ എ.കെ.ബാലന് 67,047 വോട്ടിനാണ് കോണ്‍ഗ്രസിലെ സി.പ്രകാശിനെ തരൂരില്‍ തോല്‍പ്പിച്ചത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 64,175 വോട്ട് നേടിയായിരുന്നു എ.കെ.ബാലന്റെ വിജയം.