തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കേണ്ടവരുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് മുതല്‍ തയ്യാറാക്കും. ആരോഗ്യവകുപ്പിന്‍റെ കണക്ക് പ്രകാരം തയ്യാറാക്കുന്ന പട്ടിക പോളിംങ് വരെ ഓരോ ദിവസവും പുതുക്കും. മറ്റ് ജില്ലകളില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈൻ ഉള്ളവര്‍ക്കും സ്പെഷ്യല്‍ തപാല്‍ വോട്ട് അനുവദിക്കും.

ഡിസംബര്‍ എട്ടിന് ആദ്യഘട്ട തെര‍ഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ആദ്യ ഘട്ട പട്ടികയാണ് ഇന്ന് മുതല്‍ തയ്യാറാക്കുന്നത്.കമ്മീഷന്‍ നിയോഗിച്ച ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥന്‍ പട്ടിക തയ്യാറാക്കി അതാത് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് കൈമാറും.നാളെ മുതല്‍ ഡിസംബര്‍ ഏഴ് വൈകിട്ട് മൂന്ന് മണിവരെയും പട്ടിക ഓരോ ദിവസവും പുതുക്കും.കമ്മീഷന്‍റെ പട്ടികയില്‍ പെടുന്നയാള്‍ക്ക് കോവിഡ് ഭേദമായാലും തപാല്‍ വോട്ട് മാത്രമേ ചെയ്യാന്‍ കഴിയു.കോവിഡ് രോഗികളുടേയും ക്വാറന്റൈൻ ഉള്ളവരുടേയും വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി വാങ്ങാനുള്ള സൗകര്യമാണ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്.

ഭാഷാ ന്യൂനപക്ഷങ്ങള്‍ ഉള്ള നിയോജകമണ്ഡലങ്ങളില്‍ തമിഴ്,കന്നട ഭാഷകളില്‍ കൂടി ബാലറ്റ് പേപ്പര്‍ അച്ചടിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 36 ഗ്രാമപഞ്ചായത്തുകളിലെ 375 വാര്‍ഡുകളില്‍ തമിഴിലും,18 ഗ്രാമപഞ്ചായത്തിലെ 228 വാര്‍ഡികളില്‍ കന്നഡിയിലൂമാണ് ബാലറ്റ് അച്ചടിക്കുക.ബ്ലോക്ക് ,ജില്ലാ പഞ്ചായത്ത്,മുനിസിപ്പാലിറ്റി,കോര്‍പ്പറേഷന്‍ ഡിവിഷനുകളിലും സമാനമായ നിർദേശം നല്‍കിയിട്ടുണ്ട്.സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ച ചിഹ്നത്തില്‍ ഒരു തരത്തിലും മാറ്റമുണ്ടാകില്ലെന്ന് കമ്മീഷന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here