നിലയ്ക്കലെ നിയന്ത്രണങ്ങള്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍, മന്ത്രിയെ അപമാനിച്ചെന്ന് ബി.ജെ.പി

0

നിലയ്ക്കല്‍: ശബരിമല സന്ദര്‍ശനത്തിനായി നിലയ്ക്കലിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും പോലീസും തമ്മില്‍ വാക്കുതര്‍ക്കം. രാവിലെ പത്തരയോടെ നിലയ്ക്കലില്‍ എത്തിയ പൊന്‍ രാധാകൃഷ്ണന്‍ ഒപ്പമുള്ളവരുടെ സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെട്ടു. നിലവില്‍ നിലയ്ക്കല്‍ ബേസ് സ്റ്റേഷനില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് കടത്തിവിടുന്നതെന്ന് എസ്.പി. യതീഷ് ചന്ദ്ര വിശദീകരിച്ചു.

വാഹനനിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് നിലയ്ക്കലിലെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര വിശദീകരിച്ചു. രാജ്യത്തെവിടെയും ഇത്തരമൊരു നിയന്ത്രണം ഇല്ലെന്നും ഭക്തര്‍ ദുരിതത്തിലാണെന്നും പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഉത്തരവിട്ടാല്‍ ഗതാഗതനിയന്ത്രണം നീക്കാമെന്നും ഗതാഗതക്കുരുക്ക് ഉണ്ടായാല്‍ മന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്നും എസ്പി ചോദിച്ചു. ഉത്തരവിടാനുള്ള അധികാരം തനിക്കില്ലെന്നും തന്റെ നിര്‍ദ്ദേശം സര്‍ക്കാരിനെ അറിയിക്കാനും മന്ത്രി എസ്പിക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനിടെ മന്ത്രിയുടെ ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ എസ്പി യതീഷ് ചന്ദ്രയോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. മന്ത്രിയോട് ശബ്ദമുയര്‍ത്തി സംസാരിക്കുന്നതിനെ ചോദ്യം ചെയ്ത രാധാകൃഷ്ണന്‍ എസ്പി മിണ്ടാതെ നിന്നപ്പോള്‍ ‘മുഖത്തുനോക്കി പേടിപ്പിക്കുന്നോ’ എന്നും ചോദിച്ചു.

വിഐപി വാഹനങ്ങള്‍ കടത്തിവിടുന്നതിന് തടസ്സമില്ലെന്നും മന്ത്രിക്ക് ഔദ്യോഗിക വാഹനത്തില്‍ തന്നെ പോകാമെന്നും യതീഷ് ചന്ദ്ര പറഞ്ഞെങ്കിലും കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസിലാണ് മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പമ്പയിലേക്ക് പോയത്. ഇതിനിടെ ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയുടെ അഭിപ്രായം ചോദിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി.

LEAVE A REPLY

Please enter your comment!
Please enter your name here