തിരുവനന്തപുരം: സി.പി.എം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്‌സിസ്റ്റ് എന്നല്ലെന്ന സി.പി.എം. ജനറല്‍ സെക്രട്ടറിയുടെ ഓര്‍മ്മപ്പെടുത്തല്‍ വെറുതെയായി. ത്രിപുരയില്‍ ജനം ചെങ്കൊടിയൊഴിഞ്ഞതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്‌സിസ്റ്റ് ആയിത്തന്നെ ഫലത്തില്‍ ഒതുങ്ങി. കോണ്‍ഗ്രസ് സഖ്യത്തെ പിന്‍തള്ളിയ കേരളാ നേതാക്കള്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലായിരുന്നു യെച്ചൂരി നടത്തിയത്. കേരളത്തെ മാത്രമല്ല, അഭിസംബോധനചെയ്യുന്നത് ഇന്ത്യയെന്ന രാജ്യത്തെയാണെന്നുമാണ് യെച്ചൂരി ഓര്‍മ്മപ്പെടുത്തിയത്.

ത്രിപുരയിലെ തോല്‍വി സി.പി.എമ്മിനെ ഇരുത്തിച്ചിന്തിപ്പിക്കുമോയെന്ന് കണ്ടറിയണം. മതേതരസഖ്യം എന്ന കോണ്‍ഗ്രസ് ബന്ധം കൊണ്ടുമാത്രമേ ബി.ജെ.പിയെ തടയാനാകൂവെന്ന യെച്ചൂരിയുടെ വാദത്തിന് ബലമേറുകയാണ്. കോണ്‍ഗ്രസ് ബന്ധത്തെ കേരളാഘടകം മാത്രമാണ് തള്ളിപ്പറയുന്നത്. കേരളത്തിലെ സി.പി.എമ്മിന് കോണ്‍ഗ്രസ് ബാന്ധവം അംഗീകരിക്കാനാവില്ല. ദേശീയതലത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ചയാണെങ്കിലും കേരളം അവര്‍ക്കും പ്രതീക്ഷയുള്ള സ്ഥലമാണ്. ഇരുകൂട്ടര്‍ക്കും ഒറ്റയ്ക്ക് നില്‍ക്കാവുന്ന അവസ്ഥ കേരളത്തിലുണ്ട്. എന്നാല്‍ ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം കേരളം മാത്രമാണെന്നതും ഇടത്‌വലത്് കേന്ദ്രങ്ങളെ ആശങ്കയിലാഴ്ത്തുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില പ്രധാന പ്രതിപക്ഷപാര്‍ട്ടിയായെങ്കിലും മാറാനാകും ഇനി ബി.ജെ.പി. ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here